അടിമാലി ബസ് സ്റ്റാൻഡിലെ ഇരുമ്പ് ഗ്രില്ലുകൾ കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും അപകടഭീഷണിയാകുന്നതായി പരാതി
അടിമാലി ബസ് സ്റ്റാൻഡിലെ ഓട ശുചീകരണത്തിനായി കോൺക്രീറ്റ് സ്ലാബുകൾ മാറ്റി സ്ഥാപിച്ച ഇരുമ്പ് ഗ്രില്ലുകൾ കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും അപകടഭീഷണിയാകുന്നതായി പരാതി. കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി. ബസിന്റെ പിൻചക്രം ഗ്രില്ലിൽ കയറി ഓടയിൽ കുടുങ്ങിയതോടെ അപകടസാധ്യത കൂടുതൽ വ്യക്തമായി.
സംഭവത്തിന് പിന്നാലെ വാഹനങ്ങൾ ഗ്രില്ലിലേക്ക് കയറുന്നത് തടയാൻ താൽക്കാലികമായി മുന്നിൽ ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും, ഇത് സ്ഥിരപരിഹാരമല്ലെന്നാണ് യാത്രക്കാരും ബസ് ജീവനക്കാരും ചൂണ്ടിക്കാട്ടുന്നത്.
അപകടങ്ങൾ ഒഴിവാക്കുന്നതിനായി ഇരുമ്പ് ഗ്രിൽ നീക്കം ചെയ്ത് പഴയതുപോലെ കോൺക്രീറ്റ് സ്ലാബുകൾ പുനഃസ്ഥാപിക്കാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെയും ബസ് ജീവനക്കാരുടെയും ആവശ്യം.




