പാലാ–പൊൻകുന്നം റോഡിൽ അപകട പരമ്പര; രണ്ട് ഇടങ്ങളിലായി ആറുപേർക്ക് പരിക്ക്
പാലാ: പാലാ–പൊൻകുന്നം റോഡിൽ കൂരാലിയിലും ഇളങ്ങുളത്തുമായി ഉണ്ടായ രണ്ട് വ്യത്യസ്ത കാർ അപകടങ്ങളിൽ ആറുപേർക്ക് പരിക്കേറ്റു. ആർക്കും ഗുരുതര പരിക്കില്ല.
കൂരാലി കവലയിൽ ഇന്നലെ പുലർച്ചെ നിയന്ത്രണംവിട്ട കാർ റോഡരികിലെ പറപ്പള്ളിത്താഴത്ത് രാജുവിന്റെ കടയുടെ ഭിത്തിയിലിടിച്ചാണ് അപകടമുണ്ടായത്. ചുങ്കപ്പാറ സ്വദേശികളായ സി.എസ്. ലൈലാബീഗം (67), മൊയ്തീൻ (79), ഡ്രൈവർ കെ.കെ. ഷാജിമോൻ (44) എന്നിവർക്ക് പരിക്കേറ്റു. ഇവരെ പാലാ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കടയുടെ ഭിത്തിയും തകർന്നു.
ഉച്ചകഴിഞ്ഞ് ഇളങ്ങുളം പള്ളിക്കു സമീപം രണ്ട് കാറുകൾ കൂട്ടിയിടിച്ചാണ് രണ്ടാമത്തെ അപകടമുണ്ടായത്. പൊൻകുന്നം സ്വദേശി റെജി തോമസ് (65), മണിമല സ്വദേശി റ്റിൻസി (44), ആലപ്ര സ്വദേശി ബിൻസി (53) എന്നിവർക്ക് പരിക്കേറ്റു. ഇവരെയും പാലാ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ട് അപകടങ്ങളിലും പരിക്കേറ്റവരുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.




