ജാമ്യത്തിലിറങ്ങി ഒളിവിൽ; കൊലക്കേസ് പ്രതി അഞ്ച് വർഷത്തിന് ശേഷം പിടിയിൽ
ഇടുക്കി: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതിയെ അഞ്ച് വർഷത്തിന് ശേഷം മറയൂർ പൊലീസ് പിടികൂടി. കാന്തല്ലൂർ മൈക്കിള്‍ഗിരി കരയിൽ മിഷൻ വയൽ ഭാഗത്തുള്ള വേദ മുത്തു (56)യാണ് അറസ്റ്റിലായത്.
മറയൂർ പൊലീസ് ഇൻസ്‌പെക്ടർ ഷാജഹാന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ അബ്ദുൾ അസീസ്, സിവിൽ പൊലീസ് ഓഫീസർമാരായ വിനോദ് വി.വി., ജിജോയ് ജി.എൽ., മനു കെ. ബേബി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
2019 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാന്തല്ലൂരിലെ മൈക്കിള്‍ഗിരി കരയിൽ മിഷൻ വയൽ ഭാഗത്തുള്ള വീട്ടിൽവച്ച് പ്രതി ഭാര്യയെ വാക്കത്തി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കേസിന്റെ വിചാരണയ്ക്കിടെ ജാമ്യത്തിലിറങ്ങിയ പ്രതി പിന്നീട് ഒളിവിൽ പോവുകയായിരുന്നു. അഞ്ച് വർഷത്തോളം തമിഴ്നാട്ടിൽ ഒളിവിൽ കഴിഞ്ഞശേഷമാണ് പൊലീസ് ഇയാളെ പിടികൂടിയത്.




