ജീവനക്കാരുടെ കുറവ്; കട്ടപ്പന പാസ്‌പോർട്ട് സേവാ കേന്ദ്രത്തിൽ മണിക്കൂറുകളോളം കാത്തിരിപ്പ്
കട്ടപ്പന: നിത്യേന നൂറുകണക്കിന് ആളുകൾ പാസ്‌പോർട്ട് സേവനങ്ങൾക്കായി എത്തുന്ന കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫീസിന് സമീപത്തെ പാസ്‌പോർട്ട് സേവാ കേന്ദ്രത്തിൽ ജീവനക്കാരുടെ കുറവ് മൂലം അപേക്ഷകർ കടുത്ത ദുരിതമനുഭവിക്കുന്നതായി പരാതി.
കേന്ദ്രത്തിൽ നിലവിൽ രണ്ടോ മൂന്നോ ജീവനക്കാർ മാത്രമാണ് സേവനത്തിനുള്ളത്. ഇതുമൂലം രാവിലെ എത്തുന്നവർക്കുപോലും അഞ്ചും ആറും മണിക്കൂർ കാത്തിരുന്ന ശേഷമാണ് സേവനം ലഭിക്കുന്നത്.
വിരലിലെണ്ണാവുന്ന ഇരിപ്പിടങ്ങൾ മാത്രമുള്ളതിനാൽ മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ട അവസ്ഥയാണ്. കൂടുതൽ ആളുകൾ എത്തിയാൽ മഴയും വെയിലും വകവെയ്ക്കാതെ പുറത്തു വരിനിൽക്കേണ്ട സാഹചര്യമാണുള്ളത്.
2018-ൽ അന്നത്തെ ഇടുക്കി എം.പി. ജോയ്സ് ജോർജ് ഉദ്ഘാടനം ചെയ്ത പാസ്‌പോർട്ട് സേവാ കേന്ദ്രത്തിൽ പിന്നീട് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ജീവനക്കാരെയോ വർധിപ്പിച്ചിട്ടില്ലെന്നാണ് ആക്ഷേപം.
പാസ്‌പോർട്ട് സേവാ കേന്ദ്രത്തിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുകയും അപേക്ഷകർക്ക് മതിയായ ഇരിപ്പിടം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു.





