മണർകാട് എട്ടുനോമ്പിന് വിപുലമായ ഒരുക്കങ്ങൾ; സുരക്ഷയ്ക്കും തീർത്ഥാടകരുടെ സൗകര്യങ്ങൾക്കും പ്രത്യേക ക്രമീകരണം

മണർകാട് എട്ടുനോമ്പിന് വിപുലമായ ഒരുക്കങ്ങൾ; സുരക്ഷയ്ക്കും തീർത്ഥാടകരുടെ സൗകര്യങ്ങൾക്കും പ്രത്യേക ക്രമീകരണം

കോട്ടയം: പ്രമുഖ മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് സുരക്ഷ, ഗതാഗതം, ആരോഗ്യ സേവനങ്ങൾ ഉൾപ്പെടെ വിവിധ മേഖലകളിൽ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ജില്ലാ കളക്ടർ ചേതൻ കുമാർ മീണയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.

സെപ്റ്റംബർ 1 മുതൽ 8 വരെയാണ് എട്ടുനോമ്പ് പെരുന്നാൾ. പ്രധാന ആഘോഷ ദിനങ്ങളായ സെപ്റ്റംബർ 6, 7, 8 തീയതികളിൽ അധിക പൊലീസ് സേനയെ വിന്യസിക്കും. വനിതാ പൊലീസിന്റെയും ഷാഡോ പൊലീസിന്റെയും സേവനം ഉറപ്പാക്കും. പൊലീസ്, റവന്യൂ, എക്‌സൈസ് വകുപ്പുകളുടെ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളും സജ്ജമാക്കും.

പെരുന്നാളിന് മുന്നോടിയായി എക്‌സൈസും പൊലീസും സംയുക്ത പരിശോധന നടത്തും. തടസ്സരഹിത വൈദ്യുതി വിതരണത്തിന് കെ.എസ്.ഇ.ബി. പ്രത്യേക ക്രമീകരണം ഒരുക്കും. 24 മണിക്കൂറും ഫയർഫോഴ്‌സ് സേവനവും ആരോഗ്യവകുപ്പിന്റെ മെഡിക്കൽ സംഘത്തിന്റെ സേവനവും ലഭ്യമാക്കും.

ശുചിത്വമിഷന്റെ സഹകരണത്തോടെ മാലിന്യനീക്കം ശക്തമാക്കും. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ പ്രത്യേക പരിശോധന നടത്തും. കടകളിൽ അമിതവില ഈടാക്കുന്നത് തടയാൻ ലീഗൽ മെട്രോളജി വകുപ്പും പരിശോധന കർശനമാക്കും.

തീർത്ഥാടകരുടെ യാത്രാസൗകര്യത്തിനായി കെ.എസ്.ആർ.ടി.സി. കോട്ടയത്തുനിന്നും മല്ലപ്പള്ളിയിൽനിന്നും 10 വീതം പ്രത്യേക സർവീസുകൾ നടത്തും. റോഡുകളുടെ അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കാൻ പൊതുമരാമത്ത് വകുപ്പിനും നിർദേശം നൽകിയിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4