കട്ടപ്പനയിലെ പുഴകളും തോടുകളും എവിടെ..? കോടതിയിലെയ്ക്ക് ഇല ഫൗണ്ടേഷൻ.
കട്ടപ്പന: കട്ടപ്പന നഗരത്തിൽ, പുഴകളും, തോടുകളും വ്യാപകമായി കൈയ്യേറിയത് പരിശോധിക്കണമെന്ന ആവശ്യവുമായി പരിസ്ഥിതി സംഘടനയായ ഇല ഫൗണ്ടേഷൻ രംഗത്ത്. നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും പുഴകൾ, കൈത്തോടുകൾ, പ്രകൃതിദത്ത നീർച്ചാലുകൾ എന്നിവ കൈയേറി നിർമ്മാണങ്ങൾ നടന്നതാണ് ചെറിയ മഴയിൽ പോലും വെള്ളക്കെട്ടുകൾ രൂപപ്പെടുന്ന സാഹചര്യമുണ്ടാവുന്നതെന്നാണ് സംഘടനയുടെ ആരോപണം.
മുൻകാലങ്ങളിൽ മലനിരകളിൽ നിന്ന് ഒഴുകിയെത്തിയ മഴവെള്ളം പുഴകളിലൂടെയും കൈത്തോടുകളിലൂടെയും സ്വാഭാവികമായി ഒഴുകിപ്പോകുമായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി നഗരവികസനത്തിന്റെയും, മറ്റ് നിർമ്മാണങ്ങളുടെയും പേരിൽ നിരവധി നീർച്ചാലുകൾ ചുരുക്കുകയും, ചിലയിടങ്ങളിൽ മൂടുകയും, ചിലയിടങ്ങളിൽ അവയുടെ മുകളിലായി സ്ഥിരനിർമ്മാണങ്ങൾ നടത്തുകയും ചെയ്തതായി സംഘടന ആരോപിക്കുന്നു.
പാറക്കടവ് ഉൾപ്പെടെയുള്ള ചില പ്രദേശങ്ങളിൽ തോടുകൾക്ക് മുകളിൽ സ്ലാബ് നിർമ്മിച്ച് അതിനുമുകളിൽ ബഹുനില കെട്ടിടങ്ങൾ ഉയർന്നിട്ടുണ്ടെന്നും, ഇത്തരം നിർമ്മാണങ്ങൾക്ക് അനുമതി ലഭിച്ചത് എങ്ങനെയാണെന്ന് അന്വേഷിക്കണമെന്നും ആവശ്യമുയരുന്നു, സ്വാഭാവിക നീരൊഴുക്കിനെ തടസ്സപ്പെടുത്തുന്ന എല്ലാ നിർമ്മാണങ്ങളുടെയും നിയമസാധുത പരിശോധിക്കണമെന്നും, അനധികൃതമാണെന്ന് കണ്ടെത്തുന്നവ നീക്കം ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു.
ഒരുകാലത്ത് പത്തടിയിലേറെ വീതിയുണ്ടായിരുന്ന ചില തോടുകൾ ഇന്ന് രണ്ടോ മൂന്നോ അടി മാത്രം വീതിയുള്ള ഓടകളായി ചുരുങ്ങിയെന്നാണ് പ്രധാന ആരോപണം. ഇതിന്റെ ഫലമായി മഴവെള്ളം അതിവേഗം ഒഴുകിപ്പോകാൻ കഴിയാതെ നഗരത്തിലെ പ്രധാന റോഡുകളിലും വ്യാപാര കേന്ദ്രങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടുന്നതായും സംഘടന ചൂണ്ടിക്കാട്ടുന്നു.
കട്ടപ്പനയിലെ മുഴുവൻ പുഴകളും കൈത്തോടുകളും നീർച്ചാലുകളും സംബന്ധിച്ച് റവന്യൂ, ഇറിഗേഷൻ, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവയുടെ സംയുക്ത സർവേ നടത്തണമെന്നും, പഴയ സർവേ രേഖകളും നിലവിലെ അവസ്ഥയും താരതമ്യം ചെയ്ത് കൈയേറ്റങ്ങൾ കണ്ടെത്തണമെന്നും ഇല ആവശ്യപ്പെട്ടു.
ഈ വിഷയത്തിൽ നിയമപരമായ ഇടപെടൽ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ സംഘടന നടപടികൾ ആരംഭിച്ചതായും ഭാരവാഹികൾ അറിയിച്ചു.





