വണ്ണപ്പുറം –ചേലച്ചുവട് റോഡിൽ ബസ് സർവീസ് പുനരാരംഭിച്ചു
റോയി കെ. പൗലോസ് എംഎൽഎ കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ച് ബസ് സർവീസ് പുനരാരംഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് നാട്ടുകാർക്ക് ഉറപ്പ് നൽകിയിരുന്നു
വണ്ണപ്പുറം: കനത്ത മഴയിൽ തകർന്ന വണ്ണപ്പുറം–ചേലച്ചുവട് റോഡിലൂടെയുള്ള ബസ് സർവീസ് ഇന്നലെ മുതൽ പുനരാരംഭിച്ചു. കമ്പകക്കാനം ഭാഗത്ത് റോഡിന്റെ ഒരുഭാഗം ഇടിഞ്ഞതിനെ തുടർന്ന് കെഎസ്ആർടിസി ഉൾപ്പെടെയുള്ള ബസുകളും സ്വകാര്യ ബസുകളും സർവീസ് നിർത്തിവച്ചിരുന്നു. ഇതോടെ മേഖലയിൽ യാത്രാദുരിതം രൂക്ഷമായിരുന്നു.
പ്രശ്നം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് റോയി കെ. പൗലോസ് എംഎൽഎ കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ച് ബസ് സർവീസ് പുനരാരംഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് നാട്ടുകാർക്ക് ഉറപ്പ് നൽകിയിരുന്നു.
അതേസമയം, റോഡിൽ രണ്ടിടങ്ങളിലായി തകർന്ന വലിയ സംരക്ഷണഭിത്തികൾ അടിയന്തരമായി പുനർനിർമിച്ചാൽ മാത്രമേ ഗതാഗതം പഴയ നിലയിൽ പൂർണമായി പുനഃസ്ഥാപിക്കാൻ കഴിയൂവെന്ന് എംഎൽഎയ്ക്കൊപ്പം സ്ഥലം സന്ദർശിച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജീവ് ഭാസ്കർ, വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് അറയ്ക്കത്തോട്ടം തുടങ്ങിയ ജനപ്രതിനിധികൾ അറിയിച്ചു.
നിർമാണപ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി ബസ് ഗതാഗതം പൂർണമായി പുനരാരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ കിഫ്ബി അധികൃതർക്കും ബന്ധപ്പെട്ട എൻജിനീയർമാർക്കും കരാറുകാർക്കും എംഎൽഎ നിർദേശം നൽകിയിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് അംഗങ്ങൾ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തുടങ്ങിയവരും സ്ഥലം സന്ദർശിച്ചിരുന്നു.





