മഴ കെടുതി : നാശനഷ്ടം വിലയിരുത്തി എംഎൽഎ യും ജില്ലാ കലക്ടറും അടങ്ങുന്ന സംഘം. നഷ്ടപരിഹാര നടപടികൾ വേഗത്തിലാക്കാനും നിർദേശം

മഴ കെടുതി : നാശനഷ്ടം വിലയിരുത്തി എംഎൽഎ യും ജില്ലാ കലക്ടറും അടങ്ങുന്ന സംഘം. നഷ്ടപരിഹാര നടപടികൾ വേഗത്തിലാക്കാനും നിർദേശം

കോട്ടയം: അയ്മനം, ആർപ്പൂക്കര പഞ്ചായത്തുകളിൽ വെള്ളപ്പൊക്കത്തെ തുടർന്ന് ഉണ്ടായ നാശനഷ്ടങ്ങൾ ജില്ലാ കളക്ടർ ചേതൻകുമാർ മീണയ്ക്കൊപ്പം നാട്ടകം സുരേഷ് എം.എൽ.എ വിലയിരുത്തി. ദുരിതബാധിതർക്കും കർഷകർക്കും നഷ്ടപരിഹാരം സമയബന്ധിതമായി ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് എം.എൽ.എ നിർദേശം നൽകി.

കുമരകം ചീപ്പുങ്കലിൽ നിന്ന് ശിക്കാര വള്ളത്തിൽ ജനപ്രതിനിധികൾക്കും വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികൾക്കുമൊപ്പമായിരുന്നു സന്ദർശനം. പുഴകളിൽ നിന്നുള്ള നീരൊഴുക്ക് തടസ്സപ്പെടുന്ന തരത്തിൽ വേമ്പനാട്ടുകായലിൽ അടിഞ്ഞുകൂടിയ എക്കൽ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ സംഘം പരിശോധിച്ചു.

Slide 1
Slide 2
Slide 3
Slide 4

കുമരകം, ആർപ്പൂക്കര, അയ്മനം മേഖലകളിലെ വെള്ളപ്പൊക്കത്തിന് ശാശ്വത പരിഹാരം കാണുന്നതിന് ജലനിരപ്പിന് മുകളിലേക്കു വരെ അടിഞ്ഞുകൂടിയ മൺതിട്ടകൾ നീക്കം ചെയ്യേണ്ടതുണ്ടെന്ന് ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി. ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും എക്കൽ നീക്കം ചെയ്യുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പാക്കുമെന്നും എം.എൽ.എ പറഞ്ഞു.

തുടർന്ന് അയ്മനം പഞ്ചായത്തിലെ വെള്ളത്തിനടിയിലായ നെൽപ്പാടശേഖരങ്ങൾ സംഘം നേരിട്ട് സന്ദർശിച്ചു. ചീപ്പുങ്കൽ–കല്ലുങ്കത്ര തോടിന്റെയും മണിയാപറമ്പ് തോടിന്റെയും ഇരുകരകളിലുമുള്ള ജനങ്ങളുടെ ദുരിതാവസ്ഥ പഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു ഹരികുമാറും ആനന്ദ് പഞ്ഞിക്കാരനും എം.എൽ.എയുടെയും കളക്ടറുടെയും ശ്രദ്ധയിൽപ്പെടുത്തി.

അയ്മനം പഞ്ചായത്തിലെ ഒന്നും രണ്ടും വാർഡുകളിലെ നാലുതോട്, പുത്തൻകരി, മങ്ങാട്ടുകുഴി, നൂറുപറ, കൊടുവത്ര, മേനോൻകരി, വി.കെ.വി. തുടങ്ങിയ പാടശേഖരങ്ങളിലാണ് വ്യാപകമായി കൃഷിനാശമുണ്ടായത്. പുത്തൻകരിയിൽ മടവീണ് മോട്ടോറും മോട്ടോർപുരയും ഉൾപ്പെടെ ഒഴുകിപ്പോയി.

Slide 1
Slide 2
Slide 3
Slide 4

അയ്മനത്ത് 622 ഹെക്ടർ സ്ഥലത്തെ ഒരു മാസം മുമ്പ് വിതച്ച നെൽകൃഷിയാണ് വെള്ളപ്പൊക്കത്തിൽ നശിച്ചത്. മേനോൻകരി പാടം വിതയ്ക്കുന്നതിനായി ഒരുക്കിയിരുന്നെങ്കിലും ഇവിടെ കിളിർപ്പിച്ച വിത്തും ഉപയോഗശൂന്യമായി.

Slide 1
Slide 2
Slide 3
Slide 4

ആർപ്പൂക്കര പഞ്ചായത്തിലെ കാട്ടുകരി കല്ലിപ്പടവ്, പ്രായിവട്ടം കറുകപ്പാടം, ചൂരത്തറ നടുവിലേക്കര, കേളകരി, വാവക്കാട്, ആര്യാട്ടൂഴം, മംഗലശ്ശേരി തൊള്ളായിരം, ചാലാകരി തുടങ്ങിയ പാടശേഖരങ്ങളിലും കൃഷിനാശമുണ്ടായി. ചൂരത്തറയിൽ ഒരു മാസം മുമ്പ് വിതച്ചതും കേളകരിയിൽ രണ്ടാഴ്ച മുമ്പ് വിതച്ചതുമായ നെൽകൃഷിയാണ് നശിച്ചത്.

മേഖലയിലെ കൃഷിനാശം സംബന്ധിച്ച് പ്രിൻസിപ്പൽ കൃഷി ഓഫീസർ ബിനു തോമസ് വിശദീകരിച്ചു. കൃഷിനാശത്തിൽ നിന്ന് മേഖലയെ സംരക്ഷിക്കാൻ ശാശ്വത പരിഹാരം ആവശ്യപ്പെട്ട് വി.കെ.വി. പാടശേഖര സമിതി പ്രസിഡന്റ് അനിൽകുമാർ, സെക്രട്ടറി എ.എം. ബിനു എന്നിവരുടെ നേതൃത്വത്തിൽ കർഷകർ എം.എൽ.എയ്ക്ക് നിവേദനം നൽകി.

കാട്ടുകരി ചുഴലിക്കുഴിയിൽ അടിഞ്ഞുകൂടിയ എക്കൽ നീക്കം ചെയ്യണമെന്ന ആവശ്യവും ഉയർന്നു. വെള്ളപ്പൊക്ക ദുരിതത്തിന് ശാശ്വത പരിഹാരം കാണുന്നതിനാവശ്യമായ ഇടപെടലുകൾ നടത്തുമെന്നും നഷ്ടപരിഹാര നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും എം.എൽ.എ അറിയിച്ചു.