പാലാ നഗരത്തിന് സമീപം മുള്ളൻപന്നി ആക്രമണം; മധ്യവയസ്കന് ഗുരുതര പരിക്ക്
പാലാ: നഗരത്തിന് സമീപം മുള്ളൻപന്നിയുടെ ആക്രമണത്തിൽ മധ്യവയസ്കന് ഗുരുതര പരിക്ക്. പാലാ കവീക്കുന്ന് ഭാഗത്ത് സന്ധ്യയോടെ ജോലി കഴിഞ്ഞ് സ്കൂട്ടറിൽ മടങ്ങുകയായിരുന്ന കവീക്കുന്ന് സ്വദേശി കുന്നേൽ കെ.കെ. ദിനേശനാണ് ആക്രമണത്തിൽ പരിക്കേറ്റത്.
മുള്ളൻപന്നി സ്കൂട്ടറിന് മുന്നിലേക്ക് എത്തിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ദിനേശൻ റോഡിൽ വീഴുകയായിരുന്നു. വീഴ്ചയിൽ കാലിന് ഒടിവുണ്ടായതിനു പുറമെ ദേഹമാകെ മുള്ളുകൾ തറച്ച നിലയിലായിരുന്നു. പരിക്കേറ്റ ദിനേശനെ മാർ സ്ലീവാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിൽ തുടരുകയാണ്.
ദിനേശന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്.
പാലാ നഗരപ്രദേശത്തോട് ചേർന്ന് വന്യജീവി ആക്രമണമുണ്ടായത് പ്രദേശവാസികളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. മുള്ളൻപന്നി ഇപ്പോഴും പ്രദേശത്ത് തുടരാനുള്ള സാധ്യത കണക്കിലെടുത്ത് വനം വകുപ്പ് അടിയന്തരമായി ഇടപെട്ട് മുള്ളൻപന്നിയെ കണ്ടെത്തി സുരക്ഷിതമായി വനത്തിലേക്ക് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.





