ഏറ്റുമാനൂരിൽ അന്യസംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കി കവർച്ച; നാല് പ്രതികൾ പിടിയിൽ
കോട്ടയം ഏറ്റുമാനൂരിൽ അന്യസംസ്ഥാന തൊഴിലാളികളെ ആയുധം കാട്ടി ഭീഷണിപ്പെടുത്തി ബന്ദികളാക്കിയ ശേഷം പണവും മൊബൈൽ ഫോണുകളും കവർന്ന കേസിൽ നാല് പ്രതികൾ പിടിയിൽ. പ്രായപൂർത്തിയാകാത്ത രണ്ട് പേരടക്കം നാല് പേരെയാണ് ഏറ്റുമാനൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ ആകെ 15 പ്രതികളുണ്ടെന്നാണ് പൊലീസ് പറയുന്നത്.
പശ്ചിമബംഗാൾ സ്വദേശി ബകീർ മണ്ടോൾ, കോട്ടയം വോളൂർ സ്വദേശി മിഥിൽരാജ്, പ്രായപൂർത്തിയാകാത്ത രണ്ട് മലയാളി സ്വദേശികൾ എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച അർധരാത്രിയോടെയാണ് ഏറ്റുമാനൂർ പേരൂരിനടുത്ത് പൂവത്തുംമൂട്ടിലെ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ കവർച്ച നടന്നത്.
മുഖംമൂടി ധരിച്ച് ആയുധങ്ങളുമായെത്തിയ 15 അംഗ സംഘമാണ് ക്യാമ്പിൽ അതിക്രമിച്ച് കയറിയത്. ക്യാമ്പിലുണ്ടായിരുന്ന 33 തൊഴിലാളികളെ ആയുധം കാട്ടി ഭീഷണിപ്പെടുത്തി ബന്ദികളാക്കിയ സംഘം പണവും മൊബൈൽ ഫോണുകളും കവർന്ന് രക്ഷപ്പെടുകയായിരുന്നു.
ക്യാമ്പിലെയും സമീപപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതികളെക്കുറിച്ച് പൊലീസിന് നിർണായക വിവരം ലഭിച്ചത്. ലഹരി ഇടപാടുകളിലൂടെ പരിചയപ്പെട്ടവരാണ് കവർച്ചാ സംഘത്തിലുള്ളവരെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പിടിയിലായ നാല് പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കേസിലെ ശേഷിക്കുന്ന പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.





