ഉരുള്‍പൊട്ടല്‍ അവശിഷ്ടങ്ങള്‍ നീക്കിയില്ല; കൊട്ടാരക്കര–ദിണ്ഡിഗല്‍ ദേശീയപാതയില്‍ രൂക്ഷ ഗതാഗതക്കുരുക്ക്
കുട്ടിക്കാനം: കൊട്ടാരക്കര–ദിണ്ഡിഗല്‍ ദേശീയപാതയില്‍ ഈ മാസം തുടക്കത്തിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് റോഡിലേക്ക് ഒലിച്ചെത്തിയ മണ്ണും കൂറ്റന്‍ പാറകളും ഒരുമാസമായിട്ടും പൂര്‍ണമായി നീക്കം ചെയ്തിട്ടില്ല. ഇതോടെ ദിവസങ്ങളായി പാതയില്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
കടുവാപ്പാറ, അമലഗിരി തുടങ്ങിയ ഭാഗങ്ങളില്‍ ഉരുള്‍പൊട്ടലില്‍ ഒലിച്ചെത്തിയ മണ്ണും കല്ലുകളും ഇപ്പോഴും റോഡരികില്‍ കൂട്ടിയിട്ടിരിക്കുകയാണ്. കൂറ്റന്‍ പാറകള്‍ റോഡില്‍ തന്നെ കിടക്കുന്നതിനാല്‍ പാതയുടെ വീതിയും കുറഞ്ഞിട്ടുണ്ട്. വാഹനങ്ങള്‍ നിരതെറ്റിച്ച് കടന്നുപോകാന്‍ ശ്രമിക്കുന്നതോടെ ഗതാഗതക്കുരുക്ക് കൂടുതല്‍ രൂക്ഷമാകുകയാണ്.
കൂറ്റന്‍ പാറകള്‍ പൊട്ടിച്ചുമാറ്റേണ്ട സാഹചര്യമാണുള്ളത്. ഓണം അവധി ദിവസങ്ങളില്‍ കുട്ടിക്കാനം മുതല്‍ കൊടുക്കുത്തി വരെ കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ട നിരയാണ് അനുഭവപ്പെട്ടത്.
ആംബുലന്‍സുകള്‍ ഉള്‍പ്പെടെയുള്ള അടിയന്തര സേവന വാഹനങ്ങളും രോഗികളുമായി പോകുന്ന വാഹനങ്ങളും മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍ കുടുങ്ങുന്നത് പതിവായിരിക്കുകയാണ്. റോഡിലെ മണ്ണും കല്ലും നീക്കം ചെയ്യുന്നതില്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന കാലതാമസത്തിനെതിരെ പ്രതിഷേധവും ശക്തമാകുന്നു.
റോഡരികിലും റോഡിലുമായി കിടക്കുന്ന ഉരുള്‍പൊട്ടല്‍ അവശിഷ്ടങ്ങള്‍ അടിയന്തരമായി നീക്കം ചെയ്ത് ഗതാഗതം സുഗമമാക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.





