മോഷണക്കേസിൽ രണ്ടുപേർ പോലീസ് പിടിയിൽ
ഇടുക്കി പുളിയന്മല ഗണപതി പാലത്തിന് സമീപം വക്കീൽ അരുൺ വർഗീസിന്റെ വീട്ടിൽ നടന്ന മോഷണക്കേസിലെ പ്രതികളെ വണ്ടൻമേട് പോലീസ് അറസ്റ്റ് ചെയ്തു.
പകൽ സമയത്ത് വീട്ടിൽ കയറിയ പ്രതികൾ രണ്ട് ചാക്ക് പച്ച ഏലക്ക മോഷ്ടിച്ച് സ്കൂട്ടറിൽ കടത്തുകയായിരുന്നു. പിന്നീട് ഏലക്ക കട്ടപ്പനയിലെ മലഞ്ചരക്ക് കടയിൽ വിൽക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പുളിയന്മല കഞ്ഞിപ്പാറ ‘പ്രിയ ഭവൻ’ സ്വദേശി പ്രവീൺ (25), അതേ പ്രദേശത്തെ ‘പാറക്കൽ’ വീട്ടിൽ വിഷ്ണു (24) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
പ്രവീണിനെ തമിഴ്‌നാട് തേനിയിൽ നിന്നും, വിഷ്ണുവിനെ കഞ്ഞിപ്പാറയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.കേസിൽ കമ്പംമെട്ട് പോലീസ് സ്റ്റേഷനിൽ കുറ്റം ചുമത്തിയിട്ടുണ്ട്.
വണ്ടൻമേട് എസ്.ഐ. ഷൈൻ കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് നടത്തിയത്. എസ്.ഐ. ബിനോയ് എബ്രഹാം, എ.എസ്.ഐ. മാരായ ഷിജോ, ജോസ് സെബാസ്റ്റ്യൻ, ജെയിംസ് ജോർജ്, എസ്.സി.പി.ഒ. ജയൻ, സി.പി.ഒ.മാരായ ആർ. സ്റ്റെനിൻ, ബിനു കെ. ജോൺ, ജയമോൻ മാത്യു, സലിം മുഹമ്മദ്, പ്രശാന്ത് കെ. മാത്യു എന്നിവർ സംഘത്തിലുണ്ടായിരുന്നു.
പ്രതികളെ ദേവികുളം കോടതിയിൽ ഹാജരാക്കിയതിന് ശേഷം പീരുമേട് സബ്ജയിലിലേക്ക് റിമാൻഡ് ചെയ്തു.





