മുല്ലപ്പെരിയാര്‍ : റോബോട്ടിക്‌ വാഹനം ഉപയോഗിച്ചുള്ള അണ്ടര്‍ വാട്ടര്‍ പരിശോധന പൂർത്തിയായി

മുല്ലപ്പെരിയാര്‍ : റോബോട്ടിക്‌ വാഹനം ഉപയോഗിച്ചുള്ള അണ്ടര്‍ വാട്ടര്‍ പരിശോധന പൂർത്തിയായി

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ റോബോട്ടിക്‌ വാഹനമുപയോഗിച്ചുള്ള അണ്ടര്‍വാട്ടര്‍ പരിശോധന പൂര്‍ത്തിയായി.

Slide 1
Slide 2
Slide 3
Slide 4

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായി തമിഴ്‌നാട്–കേരള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി നടന്ന ജലത്തിനടിയിലുള്ള ഭാഗങ്ങളുടെ പരിശോധന പൂര്‍ത്തിയായി. പരിശോധനയുടെ വിശദമായ റിപ്പോര്‍ട്ട് ഉടന്‍ തന്നെ ഉന്നതാധികാര സമിതിക്ക് കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു.

ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മേല്‍നോട്ടത്തിനായി സുപ്രീം കോടതി നിര്‍ദേശപ്രകാരം അനില്‍ ജെയിന്‍ അധ്യക്ഷനായ നിരീക്ഷണ സമിതി നിലവിലുണ്ട്. ഈ സമിതിയുടെ നിര്‍ദേശപ്രകാരമാണ് അണക്കെട്ടിന്റെ ജലത്തിനടിയിലുള്ള ഭാഗങ്ങളുടെ ബലം പരിശോധിക്കാന്‍ തീരുമാനമായത്.

ഡിസംബര്‍ 22 മുതല്‍ ന്യൂഡല്‍ഹിയിലെ സെന്‍ട്രല്‍ സോയില്‍ ആന്‍ഡ് മെറ്റീരിയല്‍ റിസര്‍ച്ച് സ്റ്റേഷനിലെ (CSMRS) ഗവേഷകരായ മനീഷ് ഗുപ്ത, സര്‍വേദി, സെന്തില്‍, വിജയ്, ഡോ. ജാലെ ലിംഗസ്വാമി, ലാബ് അസിസ്റ്റന്റ് ദീപക് കുമാര്‍ ശര്‍മ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. ഇരുസംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.

1,200 അടി നീളമുള്ള അണക്കെട്ടിനെ 100 അടി വീതമുള്ള 12 ഭാഗങ്ങളായി വിഭജിച്ചാണ് പരിശോധന നടത്തിയത്. റോബോട്ടിക് വാഹനത്തിന്റെ സഹായത്തോടെ ജലത്തിനടിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ബോട്ടിലിരുന്ന് കണ്‍ട്രോള്‍ കണ്‍സോള്‍ സ്‌ക്രീനിലൂടെ ഗവേഷകര്‍ നിരീക്ഷിച്ചു. ജലത്തിന്റെ ആഴം, വാഹനത്തിന്റെ ദിശ, മര്‍ദ്ദം, താപനില തുടങ്ങിയ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തി.

ഒരാഴ്ച നീണ്ട പരിശോധന ഞായറാഴ്ച വൈകുന്നേരത്തോടെ പൂര്‍ത്തിയായി. ഇതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന വിശദമായ റിപ്പോര്‍ട്ട് ഉടന്‍ തന്നെ മേല്‍നോട്ട സമിതിക്ക് സമര്‍പ്പിക്കും. റിപ്പോര്‍ട്ടില്‍ അണക്കെട്ടില്‍ ബലക്ഷയം എത്രത്തോളം ഉണ്ടായിട്ടുണ്ടെന്നത് വ്യക്തമായും വ്യക്തമാകുമെന്നാണ് സൂചന.

പരിശോധനാ സമയത്ത് തമിഴ്‌നാടിനെ പ്രതിനിധീകരിച്ച് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സെല്‍വം, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ രാജഗോപാല്‍ എന്നിവരും കേരള സര്‍ക്കാരിനെ പ്രതിനിധീകരിച്ച് കട്ടപ്പന ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ലെവിന്‍സ് ബാബു, അസിസ്റ്റന്റ് എന്‍ജിനീയര്‍മാരായ രമേശ്, ബെനഡിക്‌റ്റ് എന്നിവരും സന്നിഹിതരായിരുന്നു.