ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് സാധ്യതകൾ ലക്ഷ്യമിട്ട് ദേവികുളത്ത് നൂതന ടൂറിസം പദ്ധതി; മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ ഡിടിപിസി
ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് ഉൾപ്പെടെയുള്ള ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി ദേവികുളത്ത് നൂതന പദ്ധതി തയ്യാറാക്കാൻ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി) തീരുമാനം. ദേവികുളത്ത് ഡിടിപിസിയുടെ കൈവശമുള്ള അഞ്ച് ഏക്കർ റവന്യൂ ഭൂമിയിൽ ടൂറിസം പദ്ധതിക്കായി മാസ്റ്റർ പ്ലാൻ തയ്യാറാക്കും.
മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിലും ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ സാന്നിധ്യത്തിലുമാണ് ഡിടിപിസി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ തീരുമാനം കൈക്കൊണ്ടത്. പ്രദേശത്തിന്റെ ഭൂപ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ കോൺഫറൻസ് ഹാൾ, ഗസ്റ്റ് ഹൗസ് തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടുത്തി പദ്ധതികൾ ആവിഷ്കരിക്കാനാണ് ലക്ഷ്യം.
പൊതുമരാമത്ത് വകുപ്പ്, ഡിടിപിസി, ദുരന്തനിവാരണ അതോറിറ്റിയിലെ ഹസാർഡ് അനലിസ്റ്റ് എന്നിവരടങ്ങുന്ന സംഘം സ്ഥലപരിശോധന നടത്തി മാസ്റ്റർ പ്ലാൻ തയ്യാറാക്കും. ആയിരം പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാൾ, വിഐപി ഹാൾ എന്നിവ നിർമിക്കാൻ സാധ്യതയുണ്ടോയെന്നും സംഘം വിലയിരുത്തും. കോൺഫറൻസ് ഹാൾ യാഥാർഥ്യമാകുന്നതോടെ മൂന്നാറിൽ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് പോലുള്ള വിനോദസഞ്ചാര സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്താനാകുമെന്ന് യോഗം വിലയിരുത്തി.
വാഗമൺ അഡ്വഞ്ചർ പാർക്കിലെ രണ്ട് ടോയ്ലറ്റുകളുടെയും മൂന്നാർ ടൗണിലെ ടോയ്ലറ്റ് കെട്ടിടത്തിന്റെയും അറ്റകുറ്റപ്പണികൾക്കായുള്ള എസ്റ്റിമേറ്റിന് യോഗം അംഗീകാരം നൽകി. ഹിൽവ്യൂ പാർക്കിലെ പാർക്കിംഗ് ഏരിയ വികസിപ്പിക്കുന്നതിനായി 35 ലക്ഷം രൂപ വിനിയോഗിക്കുന്നതിനുള്ള എസ്റ്റിമേറ്റിനും അംഗീകാരം നൽകി.
ഡിടിപിസിയുടെ തനത് ഫണ്ട് ഉപയോഗിച്ച് നിർമാണം പുരോഗമിക്കുന്ന രാമക്കൽമേട് ടൂറിസം കേന്ദ്രത്തിലെ അറ്റകുറ്റപ്പണികൾ, വാഗമൺ അഡ്വഞ്ചർ പാർക്കിലെ വാച്ച് ടവർ പെയിന്റിംഗ്, പാർക്കിലെ അണ്ടർഗ്രൗണ്ട് കേബിൾ ജോലികൾ, പാഞ്ചാലിമേട് ടൂറിസം കേന്ദ്രത്തിലെ അറ്റകുറ്റപ്പണികൾ തുടങ്ങിയവ അവസാനഘട്ടത്തിലാണെന്നും യോഗത്തിൽ അറിയിച്ചു.
ഡിടിപിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സി.വി. വർഗീസ്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.എസ്. ഷൈൻ, ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.





