‘മുന്നണി വിട്ടാല്‍ അഞ്ച് എംഎല്‍എമാരും ഒന്നിച്ചുണ്ടാകും’; ശബ്ദരേഖ വിവാദത്തില്‍ ജോസ് കെ മാണിയുടെ പ്രതികരണം

‘മുന്നണി വിട്ടാല്‍ അഞ്ച് എംഎല്‍എമാരും ഒന്നിച്ചുണ്ടാകും’; ശബ്ദരേഖ വിവാദത്തില്‍ ജോസ് കെ മാണിയുടെ പ്രതികരണം

ഇടതുമുന്നണി വിടാനുള്ള കേരള കോണ്‍ഗ്രസ് (എം) നീക്കത്തിന് മന്ത്രി റോഷി അഗസ്റ്റിന്‍ തടയിട്ടുവെന്ന സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ ശബ്ദരേഖ വിവാദത്തില്‍ പ്രതികരണവുമായി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി രംഗത്തെത്തി.

ശബ്ദരേഖയ്ക്ക് പിന്നില്‍ സി വി വര്‍ഗീസ് തന്നെയാണെന്ന് താന്‍ കരുതുന്നില്ലെന്ന് ജോസ് കെ മാണി പറഞ്ഞു. കേരള കോണ്‍ഗ്രസ് ബൂര്‍ഷ്വാ പാര്‍ട്ടിയാണെന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ കേട്ടപ്പോള്‍ ഇത് പഴയ കാലത്തെ വായനാശീലമുള്ള സഖാക്കളുടെ പ്രതികരണമല്ലെന്ന് വ്യക്തമായെന്നും അദ്ദേഹം വിമര്‍ശിച്ചു.

Slide 1
Slide 2
Slide 3
Slide 4

പഴയ സഖാക്കളായിരുന്നെങ്കില്‍ കെ എം മാണിയുടെ അധ്വാനവര്‍ഗ സിദ്ധാന്തം എങ്കിലും വായിച്ചേനെയെന്നും, അധ്വാനവര്‍ഗം ബൂര്‍ഷ്വാ അല്ലെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി.

Slide 1
Slide 2
Slide 3
Slide 4

2020-ല്‍ യുഡിഎഫ് കേരള കോണ്‍ഗ്രസിനെ പുറത്താക്കിയപ്പോള്‍ പാര്‍ട്ടിയെ ചേര്‍ത്തുപിടിക്കാന്‍ കോടിയേരിയും മുഖ്യമന്ത്രി പിണറായി വിജയനും തീരുമാനിച്ചിരുന്നുവെന്നും, ആ തീരുമാനത്തോടൊപ്പം ഉറച്ചുനില്‍ക്കണമെന്ന് പറഞ്ഞത് റോഷിയും ജയരാജും ഉള്‍പ്പെടെയുള്ള നേതാക്കളാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

മുന്നണി മാറുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇതുവരെ നടന്നിട്ടില്ലെന്നും, പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം അഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും നിലവില്‍ പാര്‍ട്ടിയുടെ നിലപാട് ഇടതുമുന്നണിയോടൊപ്പമാണെന്നും ജോസ് കെ മാണി വ്യക്തമാക്കി.

“യുഡിഎഫിനൊപ്പം ഇപ്പോള്‍ പോകുന്നുവെങ്കില്‍ അഞ്ച് എംഎല്‍എമാരും ഒപ്പമുണ്ടാകും. എന്നാല്‍ അതല്ല ഇപ്പോഴത്തെ ഞങ്ങളുടെ നിലപാട്. ഇടതുപക്ഷമാണ് ഞങ്ങളെ ചേര്‍ത്തുപിടിച്ചത്. അവര്‍ക്കൊപ്പമാണ് ഇപ്പോഴും,” എന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു.

കേരള കോണ്‍ഗ്രസ് തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ മുന്നണി വിടുമെന്ന് പ്രചാരണങ്ങള്‍ ശക്തമായിരുന്നു. എന്നാല്‍ ഈ നീക്കത്തിന് റോഷി അഗസ്റ്റിന്‍ തടയിട്ടുവെന്ന തരത്തിലുള്ള ശബ്ദരേഖയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഇത് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിന്റേതാണെന്നായിരുന്നു ആരോപണം.