സംസ്ഥാന ബഡ്ജറ്റ് വ്യാപാരമേഖലയ്ക്ക് ഗുണകരമല്ല : തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറിയേറ്റ് യോഗം

സംസ്ഥാന ബഡ്ജറ്റ് വ്യാപാരമേഖലയ്ക്ക് ഗുണകരമല്ല : തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറിയേറ്റ് യോഗം

സംസ്ഥാന ബഡ്ജറ്റിൽ വ്യാപാരമാന്ദ്യം പരിഹരിക്കാനോ വ്യാപാരികളുടെ ക്ഷേമം ഉറപ്പാക്കാനോ ഉതകുന്ന പദ്ധതികൾ ഒന്നും ഉൾപ്പെടുത്തിയിട്ടില്ലെന്നത് അത്യന്തം നിരാശാജനകമാണെന്ന് തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി.

Slide 1
Slide 2
Slide 3
Slide 4

മുൻവർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വ്യാപാരമേഖലയിൽ ഏകദേശം 30 ശതമാനംവരെ മാന്ദ്യം അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് ബഡ്ജറ്റ് അവതരിപ്പിച്ചിരിക്കുന്നതെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. എന്നാൽ ഈ പ്രതിസന്ധിയെ അതിജീവിക്കാൻ സഹായകമായ യാതൊരു നടപടികളും ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും യോഗം അഭിപ്രായപ്പെട്ടു.

നിർധനരായ വ്യാപാരികൾക്ക് അനുവദിക്കുന്ന പെൻഷൻ തുക കുറഞ്ഞത് 5000 രൂപയായി ഉയർത്തണമെന്നും, 60 വയസ് കഴിഞ്ഞ എല്ലാ വ്യാപാരികൾക്കും പെൻഷൻ അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

കാർഷികമേഖലയ്ക്ക് നൽകുന്നതുപോലെ, ചെറുകിട വ്യാപാരികൾക്ക് അവരുടെ സ്വന്തം ജാമ്യത്തിൽ നാല് ശതമാനം വരെ പലിശനിരക്കിൽ പത്ത് ലക്ഷം രൂപവരെ വായ്പ അനുവദിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും കമ്മിറ്റി നിർദേശിച്ചു.

ജി.എസ്.ടി അപാകതകൾ പരിഹരിക്കണമെന്നും, രജിസ്‌ട്രേഷൻ പരിധി കൂടുതൽ വർധിപ്പിച്ച് ഇത്തരം വിഷയങ്ങളിൽ സർക്കാർ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിലിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി സി.കെ. നവാസ്, ട്രഷറർ അനിൽ പീടികപ്പറമ്പിൽ, വൈസ് പ്രസിഡന്റുമാരായ നാസർ സൈര, ഷെരീഫ് സർഗം, ജോസ് തോമസ് കളരിക്കൽ, ജോയിന്റ് സെക്രട്ടറിമാരായ ഷിയാസ് എം.പി.എസ്, ലിജോൺസ് ഹിന്ദുസ്ഥാൻ എന്നിവർ പങ്കെടുത്തു.