പനിച്ചു വിറച്ച് ഇടുക്കി : ഒരു മാസത്തിനിടെ ചികിത്സ തേടിയത് 5983 പേര്‍
വൈറല്‍ പനിയാണ് കൂടുതല്‍ പേർക്ക് പിടിപെട്ടത്. ഡെങ്കിപ്പനി, എലിപ്പനി, ചിക്കൻപോക്സ്, മഞ്ഞപ്പിത്തം തുടങ്ങിയവയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്
ഇടുക്കിയില്‍ മഞ്ഞപ്പിത്തം, മലേറിയ, ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പടരുന്നു. ഒരു മാസത്തിനിടെ 5983 പേരാണ് വൈറല്‍ പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രികളിലെ കണക്കുകള്‍ കൂടി ചേര്‍ത്താല്‍ രോഗബാധിതരുടെ എണ്ണം ഇനിയും ഉയര്‍ന്നേക്കും.
വൈറല്‍ പനിയാണ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡെങ്കിപ്പനി, എലിപ്പനി, ചിക്കന്‍പോക്സ്, മഞ്ഞപ്പിത്തം തുടങ്ങിയവയും ജില്ലയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കാലാവസ്ഥയില്‍ തണുപ്പും ചൂടും മാറിമാറി വരുന്നതാണ് പനി വ്യാപനം കൂടാന്‍ കാരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.
ജില്ലയിലെ മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 36 കുട്ടികള്‍ക്ക് ചിക്കന്‍പോക്സ് സ്ഥിരീകരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച 11 പേരില്‍ ഏഴ് പേര്‍ പെരുവന്താനം പഞ്ചായത്തിലാണുള്ളത്. ഇവിടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
മുട്ടം, കല്ലാര്‍വട്ടയാര്‍, തട്ടക്കുഴ, കാഞ്ചിയാര്‍, വണ്ടിപ്പെരിയാര്‍, കഞ്ഞിക്കുഴി തുടങ്ങിയ പ്രദേശങ്ങളിലായി പത്ത് പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ദേവികുളം, വാത്തിക്കുടി മേഖലകളിലായി 24 പേര്‍ക്കാണ് മലേറിയ പിടിപെട്ടത്.
കുട്ടികളില്‍ മുണ്ടിനീര് രോഗവും വിവിധ സ്ഥലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നിലവില്‍ ഏഴ് പേര്‍ കുഷ്ഠരോഗ ചികിത്സയിലാണ്. ഇതില്‍ മൂന്ന് പേര്‍ മലയാളികളും മറ്റ് ആളുകള്‍ അതിഥി തൊഴിലാളികളുമാണ്. ജില്ലയില്‍ 2023ലാണ് അതിഥി തൊഴിലാളികളില്‍ ആദ്യമായി കുഷ്ഠരോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ വര്‍ഷം 415 പേര്‍ക്ക് ക്ഷയരോഗവും പിടിപെട്ടിരുന്നു. ചൂട് കൂടുന്നതിനാല്‍ ജലജന്യ രോഗങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി ഉടന്‍ ആശുപത്രിയിലെത്തി ഡോക്ടര്‍മാരുടെ സഹായം തേടണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.





