മലയോര ഹൈവേ : ‘ഹില്‍ ഹൈവേ റണ്‍’ ഇന്ന്

മലയോര ഹൈവേ : ‘ഹില്‍ ഹൈവേ റണ്‍’ ഇന്ന്

മലയോര ഹൈവേയുടെ ഭാഗമായ കുട്ടിക്കാനം–ചപ്പാത്ത്–കട്ടപ്പന പാതയുടെ പൂര്‍ത്തീകരണത്തിന്റെ പ്രചാരണാര്‍ഥം ബോളിവുഡ് താരവും ദീര്‍ഘദൂര ഓട്ടക്കാരനുമായ മിലിന്ദ് സോമൻ നയിക്കുന്ന ‘ഹില്‍ ഹൈവേ റണ്‍’ ഇന്ന് നടക്കും.

രാവിലെ ഏഴിന് കുട്ടിക്കാനം മരിയന്‍ കോളേജ് ഗ്രൗണ്ടില്‍ മന്ത്രി റോഷി അഗസ്റ്റിൻ ഫ്ളാഗ് ഓഫ് ചെയ്യും. കുട്ടിക്കാനം മുതല്‍ ചപ്പാത്ത് വരെയുള്ള 20 കിലോമീറ്റര്‍ ദൂരമാണ് മിലിന്ദ് സോമന്‍ ഓടുക. തുടര്‍ന്ന് തുറന്ന ജീപ്പില്‍ കട്ടപ്പന ഇരുപതേക്കര്‍ വരെ എത്തും. വനിതാ ബൈക്ക് റൈഡര്‍മാര്‍, റോളര്‍ സ്കേറ്റിങ്, സൈക്ലിങ് താരങ്ങള്‍, ബുള്ളറ്റ് റൈഡര്‍മാര്‍ എന്നിവരും അണിനിരക്കും. വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി മിലിന്ദ് സോമന്‍ ചപ്പാത്തില്‍ ഓട്ടം പൂര്‍ത്തിയാക്കും.

Slide 1
Slide 2
Slide 3
Slide 4

ഓട്ടത്തില്‍ പങ്കെടുക്കാന്‍ കിഫ്ബിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ 2000ലേറെ പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ സംഘവും ആംബുലന്‍സും യാത്രയിലുടനീളം ഉണ്ടാകും. സമീപ ആശുപത്രികളിലെ സംഘങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പ് ഗതാഗത ക്രമീകരണം നടത്തും. രാവിലെ 5.30ന് മരിയന്‍ കോളേജ് ഗ്രൗണ്ടില്‍ പങ്കെടുക്കുന്നവര്‍ റിപ്പോര്‍ട്ട് ചെയ്യണം. ഇവര്‍ക്ക് ഹൈഡ്രേഷന്‍ കിറ്റുകളും ടി-ഷര്‍ട്ടുകളും നല്‍കും. ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ചപ്പാത്തില്‍ ഒരുക്കിയ കൗണ്ടറുകളില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും.

Slide 1
Slide 2
Slide 3
Slide 4

മലയോര ഹൈവേയുടെ പൂര്‍ത്തീകരണ ഉദ്ഘാടനം കട്ടപ്പന മറ്റപ്പള്ളി പേരപ്പന്‍ സ്മാരക മിനി സ്റ്റേഡിയത്തില്‍ രാവിലെ 11ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിക്കും. മിലിന്ദ് സോമന്‍ വിശിഷ്ടാതിഥിയാകും. ഡീൻ കുര്യക്കോസ്, ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് എന്നിവര്‍ പങ്കെടുക്കും.

കിഫ്ബിയുടെ നേതൃത്വത്തില്‍ 134.4 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ഇടുക്കിയിലെ മലയോര ഹൈവേ, കേരളത്തിലെ 13 ജില്ലകളെയും പശ്ചിമഘട്ട അതിരുകളിലൂടെ ബന്ധിപ്പിക്കുന്ന 1332 കിലോമീറ്ററിലേറെ നീളമുള്ള പാതയുടെ ഭാഗമാണ്.