കാല്‍വരി മൗണ്ടില്‍ കെ.എം. മാണി കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷന്‍ പദ്ധതി: നിര്‍മാണോദ്‌ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു

കാല്‍വരി മൗണ്ടില്‍ കെ.എം. മാണി കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷന്‍ പദ്ധതി: നിര്‍മാണോദ്‌ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു

കാര്‍ഷികമേഖല നാടിന്റെ വികസനത്തിന് പ്രധാന അടിത്തറയാണെന്നും കര്‍ഷകസൗഹൃദ പദ്ധതികളാണ് ജലസേചന വകുപ്പ് നടപ്പിലാക്കുന്നതെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കാല്‍വരി മൗണ്ടില്‍ കെ.എം. മാണി കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷന്‍ പദ്ധതിയുടെ നിര്‍മാണോദ്‌ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

Slide 1
Slide 2
Slide 3
Slide 4

കേരളത്തില്‍ ആരംഭിച്ച മൈക്രോ ഇറിഗേഷന്‍ പദ്ധതികളില്‍ ഏറ്റവും വലിയ പദ്ധതികളിലൊന്നാണ് കാല്‍വരി മൗണ്ടിലേതെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങി വിവിധ മേഖലകളില്‍ സംസ്ഥാന സര്‍ക്കാര്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ട് ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതിക്ക് 9.91 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ സിവില്‍ ജോലികള്‍ക്കായി 4.98 കോടി രൂപയും രണ്ടാം ഘട്ടത്തില്‍ മൈക്രോ ഇറിഗേഷന്‍ സംവിധാനങ്ങള്‍ക്കായി 4.93 കോടി രൂപയുമാണ് വിനിയോഗിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി ജലശേഖരണത്തിനായി രണ്ട് ചെക്ക് ഡാമുകളും രണ്ട് കിണറുകളും നിര്‍മിക്കും. സംഭരണത്തിനായി മൂന്ന് വാട്ടര്‍ ടാങ്കുകളും വിതരണത്തിനായി മൂന്ന് പമ്പ് റൂമുകളും അനുബന്ധ ഇലക്ട്രിക്കല്‍ ജോലികളും സുരക്ഷയ്ക്കായി ശക്തമായ സംരക്ഷണഭിത്തികളും നിര്‍മിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഏറ്റവും പുതിയ ഓട്ടോമാറ്റിക് മൈക്രോ ഇറിഗേഷന്‍ സംവിധാനമാണ് പദ്ധതിയില്‍ നടപ്പാക്കുന്നത്. ഇതിലൂടെ ഏകദേശം 140 ഏക്കര്‍ കൃഷിഭൂമിയിലേക്ക് നേരിട്ട് ജലമെത്തുകയും 153 കര്‍ഷക കുടുംബങ്ങള്‍ക്ക് സ്ഥിരവരുമാനവും ജലലഭ്യതയും ഉറപ്പാക്കുകയും ചെയ്യും.

യോഗത്തില്‍ മൗണ്ട് വാലി മൈക്രോ ഇറിഗേഷന്‍ കര്‍ഷകസമിതി പ്രസിഡന്റ് ജോജോ ജോസഫ് അധ്യക്ഷത വഹിച്ചു. കെ.ഐ.ഐ.ഡി.സി ചീഫ് എഞ്ചിനീയര്‍ പ്രകാശ് ഇടിക്കുള പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.