ഭൂപ്രശ്നം പരിഹരിക്കാതെ സർക്കാർ പരാജയം: ഡീൻ കുര്യാക്കോസ് എം.പി
ഇടുക്കി: പത്ത് വർഷമായി ഭരണം നടത്തിക്കൊണ്ടിരിക്കുമ്പോഴും ഇടുക്കിയിലെ ഭൂപ്രശ്നം പരിഹരിക്കാൻ കഴിയാതെ അത് കൂടുതൽ സങ്കീർണമാക്കിയ സർക്കാർ പരാജയമാണെന്ന് ഡീൻ കുര്യാക്കോസ് എം.പി ആരോപിച്ചു. ജില്ല സന്ദർശിക്കുന്ന മുഖ്യമന്ത്രി ഇക്കാര്യങ്ങളിൽ വ്യക്തമായ മറുപടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സി.എച്ച്.ആർ മേഖലയിലെ പട്ടയം നൽകുന്നതിന് കോടതി ഏർപ്പെടുത്തിയ വിലക്ക് സർക്കാർ ശ്രമിച്ചാൽ എളുപ്പത്തിൽ മാറ്റാൻ കഴിയുമെന്നും എം.പി പറഞ്ഞു. അവിടെ പട്ടയം നൽകാൻ തടസമില്ലെന്ന മുൻ സുപ്രീംകോടതി വിധി കോടതിയെ ഓർമ്മിപ്പിച്ചാൽ മാത്രം മതി. എന്നാൽ രണ്ട് വർഷമായിട്ടും അത്തരമൊരു നടപടി സർക്കാർ സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ ദിവസം പട്ടയം നൽകാനുള്ള തടസം കോടതി നീക്കിയെങ്കിലും പരിസ്ഥിതി സംഘടനയുടെ ഹർജിയെ തുടർന്ന് വീണ്ടും വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ ചട്ടപ്രകാരം തന്നെയാണ് പട്ടയം നൽകുന്നതെന്ന വിവരം പോലും കോടതിയെ അറിയിക്കാൻ സർക്കാർ അഭിഭാഷകൻ തയ്യാറായില്ലെന്നും എം.പി വിമർശിച്ചു.
അടിമാലിയിലെ പത്ത് ചെയിൻ പട്ടയങ്ങൾ നൽകണമെങ്കിൽ കെ.എസ്.ഇ.ബിയുടെ അനുമതി വേണമെന്നും, അതില്ലാതെ തന്നെ വിതരണം നടത്തുമെന്ന് സർക്കാർ പറയുന്നതും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
പത്ത് വർഷം മുമ്പ് ഇടുക്കിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയ്ക്കായി 1800 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആ തുക എവിടേക്ക് പോയെന്നോ എത്ര രൂപ ചെലവഴിച്ചെന്നോ വ്യക്തതയില്ലെന്നും എം.പി ആരോപിച്ചു. വോട്ടിനായി മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനങ്ങളുടെ മഹാമഹം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





