എ.ഐ മുതൽ ഇറാൻ യുദ്ധവും ‘കേരള സ്റ്റോറി’വരെ; വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് ലളിതമായി മറുപടി നൽകി രാഹുൽ ഗാന്ധി
കുട്ടിക്കാനം: എ.ഐ മുതൽ ഇറാൻ–അമേരിക്ക സംഘർഷവും വിവാദമായ കേരള സ്റ്റോറി സിനിമയും വരെ വിവിധ വിഷയങ്ങളിൽ വിദ്യാർത്ഥികൾ ഉയർത്തിയ ചോദ്യങ്ങൾക്ക് സ്വതസിദ്ധമായ ശൈലിയിൽ ലളിതമായി മറുപടി നൽകി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
ഇന്നലെ ഉച്ചയോടെയാണ് കുട്ടിക്കാനം മരിയൻ കോളജ് സംഘടിപ്പിച്ച സംവാദ പരിപാടിയിൽ പങ്കെടുക്കാൻ അദ്ദേഹം എത്തിയത്. ഉച്ചയ്ക്ക് ഒന്നരയോടെ കോളജ് അങ്കണത്തിൽ ഹെലികോപ്റ്ററിൽ ഇറങ്ങിയ രാഹുലിനെ സ്വീകരിക്കാൻ കെ.സി. വേണുഗോപാൽ എം.പി, ഡീൻ കുര്യാക്കോസ് എം.പി, ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ, കോളജ് മാനേജറും രൂപതാ വികാരി ജനറാളുമായ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കൽ എന്നിവർ എത്തി.
വിവിധ വിഷയങ്ങളിലായി വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് രണ്ട് മണിക്കൂറോളം രാഹുൽ മറുപടി നൽകി. നിർമ്മിത ബുദ്ധിയുടെ സാധ്യതകൾ, ഇന്ത്യ എന്ന ഡാറ്റാ വിപണിയുടെ പ്രാധാന്യം, ഇറാൻ–അമേരിക്ക സംഘർഷം, വിവാദമായ കേരള സ്റ്റോറി സിനിമ തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായി ചർച്ചയായത്.
സംവാദത്തിനിടെ കോളജിലെ വിദ്യാർത്ഥിനി ദിനശ്രീ രാഹുലിനോട് തനിക്കൊപ്പം കളരി അഭ്യാസത്തിൽ പങ്കെടുക്കാമോ എന്ന് ചോദിച്ചതിനെ തുടർന്ന് രാഹുൽ സമ്മതം അറിയിച്ചു. തുടർന്ന് കെ.സി. വേണുഗോപാലും ഡീൻ കുര്യാക്കോസും വേദിയിലെത്തി അഭ്യാസത്തിൽ പങ്കെടുത്തത് ശ്രദ്ധേയമായി.
കോളജ് വിദ്യാർത്ഥികളോടൊപ്പം ഭക്ഷണം കഴിച്ച രാഹുൽ ഗാന്ധി വനിതാ ദിനത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും പങ്കുവച്ചു.
പരിപാടിയിൽ കോളജ് അഡ്മിനിസ്ട്രേറ്റർ ഫാ. തോമസ് ഏബ്രഹാം, വൈസ് പ്രിൻസിപ്പൽ ഫാ. കെ.എസ്. ഷൈജു, യൂണിയൻ ചെയർപേഴ്സൺ അഷിത ചാക്കോ തുടങ്ങിയവരും സംസാരിച്ചു.





