കഞ്ഞിക്കുഴി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വീണ്ടും കിടത്തി ചികിത്സ ആരംഭിച്ചു
കഞ്ഞിക്കുഴി: കഞ്ഞിക്കുഴി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഇൻപേഷ്യന്റ് (ഐ.പി) വിഭാഗം വീണ്ടും പ്രവർത്തനം ആരംഭിച്ചു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ കിടത്തി ചികിത്സാ വിഭാഗത്തിന്റെ പുനരാരംഭം ഉദ്ഘാടനം ചെയ്തു.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കൂടുതൽ ശാക്തീകരിച്ച് മികച്ച ചികിത്സാ സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുകയാണു സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. കഞ്ഞിക്കുഴി പ്രദേശത്തിന്റെ ആരോഗ്യ സേവന രംഗത്ത് സാമൂഹിക ആരോഗ്യ കേന്ദ്രത്തിനും അതിന്റെ വികസനത്തിനും വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്തിന്റെ സമഗ്ര വികസനത്തിന് എല്ലാവരുടെയും കൂട്ടായ പ്രവർത്തനം അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കഞ്ഞിക്കുഴി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് പുതിയ ആംബുലൻസ് അനുവദിച്ചതായും അദ്ദേഹം യോഗത്തിൽ അറിയിച്ചു.
സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ 13 ബെഡുകളാണ് കിടത്തി ചികിത്സയ്ക്കായി ഒരുക്കിയിരിക്കുന്നത്. ആറു ഡോക്ടർമാരുടെയും അഞ്ച് നഴ്സിംഗ് ജീവനക്കാരുടെയും സേവനം ഇവിടെ ലഭ്യമാകും. രാവിലെ 9 മുതൽ വൈകിട്ട് 6 വരെ ഒ.പി വിഭാഗം പ്രവർത്തിക്കും.
ഇതുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സുരേഷ് വർഗീസ് അധ്യക്ഷത വഹിച്ചു. നാഷണൽ ഹെൽത്ത് മിഷൻ ഡി.പി.എം ഡോ. ഖയാസ്, കഞ്ഞിക്കുഴി സഹകരണ ബാങ്ക് പ്രസിഡന്റ് ലിസി ജോസഫ്, ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ സിബി, എബിൻ, സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. നിതിൻ തുടങ്ങിയവർ സംസാരിച്ചു.





