ഇടമലക്കുടി ആശുപത്രിയിൽ ഇ-ഹെൽത്ത് സംവിധാനം ഉടൻ; ജീവനക്കാർക്ക് പരിശീലനം നൽകി
ഇടുക്കി ജില്ലയിലെ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ ആരോഗ്യകേന്ദ്രത്തിൽ ഇ-ഹെൽത്ത് സംവിധാനം ആരംഭിക്കുന്നതിന്റെ അവസാനഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായി. ഇ-ഹെൽത്ത് സംഘം കഴിഞ്ഞ ദിവസം ഇടമലക്കുടിയിലെത്തി സംവിധാനത്തിന്റെ അന്തിമ ഒരുക്കങ്ങൾ പൂർത്തിയാക്കി ജീവനക്കാർക്ക് പരിശീലനവും നൽകി. ഏതാനും ആഴ്ചകൾക്കുള്ളിൽ ഇടമലക്കുടി ആശുപത്രി പൂർണമായും പേപ്പർ രഹിത ആശുപത്രിയായി മാറുമെന്ന് അധികൃതർ അറിയിച്ചു.
ആരോഗ്യ സേവനങ്ങളുടെ ഭാഗമായി പ്രദേശവാസികൾക്ക് യു.എച്ച്.ഐ.ഡി കാർഡുകളും വിതരണം ചെയ്തു. ഇത് പ്രദേശവാസികളുടെ ഏറെക്കാലത്തെ സ്വപ്നസാക്ഷാത്കാരമാണെന്നും മന്ത്രി വ്യക്തമാക്കി.
ഇടമലക്കുടിയിൽ നിന്ന് അടിമാലി താലൂക്ക് ആശുപത്രിയിലേക്കോ ജില്ലാ ആശുപത്രിയിലേക്കോ മെഡിക്കൽ കോളേജിലേക്കോ മറ്റ് ആശുപത്രികളിലേക്കോ പോകേണ്ടിവരുന്നവർക്ക് ഇനി ഇടമലക്കുടി ആരോഗ്യകേന്ദ്രത്തിൽ നിന്ന് തന്നെ ഓൺലൈൻ ആയി അപ്പോയിന്റ്മെന്റ് എടുക്കാൻ സാധിക്കും. ഇതിലൂടെ ബന്ധപ്പെട്ട ആശുപത്രികളിൽ മുൻഗണന ലഭിക്കുകയും ഡോക്ടറെ വേഗത്തിൽ കാണാനും സാധിക്കും. ചികിത്സാ രേഖകൾ കൈവശം കൊണ്ടുപോകേണ്ടതില്ല; രോഗികളുടെ വിവരങ്ങൾ മെഡിക്കൽ കോളേജിലും ജില്ലാ ആശുപത്രിയിലും ഡിജിറ്റൽ രൂപത്തിൽ ലഭ്യമാകും.
ഗോത്രവർഗ പഞ്ചായത്ത് ആയ ഇടമലക്കുടിയിൽ മുമ്പ് സ്ഥിരമായ ആരോഗ്യ സേവന സൗകര്യങ്ങൾ ഇല്ലാതെയായിരുന്നു നാട്ടുകാർ ജീവിച്ചിരുന്നത്. കാടിനുള്ളിലെ ഈ പ്രദേശത്ത് സ്ഥിരമായ ചികിത്സാ സംവിധാനം ഒരുക്കുക വലിയ വെല്ലുവിളിയായിരുന്നു. പ്രശ്നത്തിന് പരിഹാരമായി ഡോക്ടർമാരടക്കം ആരോഗ്യ പ്രവർത്തകരുടെ സ്ഥിരം തസ്തികകൾ സൃഷ്ടിക്കുകയും ഇടമലക്കുടിയിലും ചട്ടമൂന്നാറിലും പുതിയ തസ്തികകൾ അനുവദിക്കുകയും ചെയ്തു. തുടർന്ന് ഇടമലക്കുടിയിൽ ആരോഗ്യകേന്ദ്രം നിർമ്മിച്ച് പ്രവർത്തനം ആരംഭിച്ചു. വിവിധ പ്രതിസന്ധികൾ മറികടന്നാണ് ആശുപത്രി യാഥാർത്ഥ്യമാക്കിയത്.
ഇ-ഹെൽത്ത് അഡീഷണൽ പ്രോജക്റ്റ് ഡയറക്ടർ ഡോ. മഹേഷ്, ജോയിന്റ് ഡയറക്ടർമാരായ ഡോ. റോൺജൻ, അഖിലാരാജ്, ഇടുക്കി ജില്ലാ പ്രോജക്റ്റ് എഞ്ചിനീയർ ഷീനു തോമസ്, ടെക്നിക്കൽ സ്റ്റാഫ് വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് ഇടമലക്കുടിയിലെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.





