പാലാക്കടയിൽ സൗരോർജ്ജ വേലി സ്ഥാപിച്ചു; വന്യമൃഗ ശല്യം കുറയ്ക്കാൻ സംയുക്ത പദ്ധതി
കാഞ്ചിയാർ: കാഞ്ചിയാർ പഞ്ചായത്തിലെ അഞ്ചുരുളി വനാതിർത്തിയോട് ചേർന്ന പാലാക്കട പുതിയപാലം ഭാഗത്ത് വന്യമൃഗ ശല്യം കുറയ്ക്കുന്നതിനായി സൗരോർജ്ജ വേലി സ്ഥാപിച്ചു. അയ്യപ്പൻകോവിൽ റെയിഞ്ച് ഓഫീസ്, പി.ആർ.ടി അംഗങ്ങൾ, നാട്ടുകാർ എന്നിവർ ചേർന്നാണ് പദ്ധതി നടപ്പിലാക്കിയത്.
മുൻപ് പ്രദേശത്ത് ആന അടക്കമുള്ള വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങി കൃഷിനാശം വരുത്തുകയും നാട്ടുകാരുടെ സ്വൈര്യജീവിതത്തിന് ഭീഷണിയാവുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് മനുഷ്യ–വന്യജീവി സംഘർഷം ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെ വനംവകുപ്പും നാട്ടുകാരും ചേർന്ന് സംയുക്തമായി സൗരോർജ്ജ വേലി സ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു.
പുതിയപാലം മുതൽ ഫാക്ടറിപ്പടി വരെ ഏകദേശം അര കിലോമീറ്റർ ദൂരത്തിലാണ് വേലി സ്ഥാപിച്ചത്. കാഞ്ചിയാർ പഞ്ചായത്തിലെ പാലാക്കടയിൽ സ്ഥാപിച്ച ഫെൻസിംഗിന്റെ സ്വിച്ച് ഓൺ കർമ്മം പഞ്ചായത്ത് അംഗം സുമ രാജൻ നിർവഹിച്ചു. പഞ്ചായത്ത് അംഗം സന്ധ്യ ജയൻ, അയ്യപ്പൻകോവിൽ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.വി. രതീഷ്, ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ആർ. ബിനോജ്, കാഞ്ചിയാർ ഫോറസ്റ്റ് സ്റ്റേഷൻ ജീവനക്കാർ, പി.ആർ.ടി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഏകദേശം 500 മീറ്റർ ദൂരത്തിൽ സ്ഥാപിച്ച സൗരോർജ്ജ വേലിക്ക് സാധാരണ ടെണ്ടർ നൽകി നിർമ്മിച്ചാൽ ഏകദേശം ഒന്നരലക്ഷം രൂപ ചെലവാകുമായിരുന്നു. എന്നാൽ വനംവകുപ്പിന്റെ വിവിധ ഓഫീസുകളിൽ നിന്ന് പഴയതെങ്കിലും ഉപയോഗപ്രദമായ സാമഗ്രികൾ ശേഖരിക്കുകയും ബാറ്ററി ഉൾപ്പെടെ ചില ഉപകരണങ്ങൾ മാത്രം പുതുതായി വാങ്ങുകയും ചെയ്തതിനാൽ 12,000 രൂപ മാത്രമാണ് പദ്ധതിക്ക് ചെലവായത്. ഒൻപത് മാസം കൊണ്ടാണ് നിർമ്മാണം പൂർത്തിയാക്കിയത്.
ഫെൻസിംഗ് നിർമ്മാണവുമായി ബന്ധപ്പെട്ട പരിശീലനം ഉദ്യോഗസ്ഥർക്കു നൽകിയ ശേഷമാണ് പ്രവർത്തനം ആരംഭിച്ചത്. പലപ്പോഴും ഉദ്യോഗസ്ഥർ ജോലിക്ക് ശേഷമുള്ള ഒഴിവുസമയവും നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചു.
പദ്ധതിയുടെ ആദ്യഘട്ടമായാണ് ഇത് നടപ്പിലാക്കിയതെന്നും പദ്ധതി വിജയകരമായതോടെ കുറഞ്ഞ ചെലവിൽ ഇത്തരത്തിലുള്ള സൗരോർജ്ജ വേലികൾ കൂടുതൽ പ്രദേശങ്ങളിൽ സ്ഥാപിക്കാനാണ് വനംവകുപ്പിന്റെയും പി.ആർ.ടി അംഗങ്ങളുടെയും നാട്ടുകാരുടെയും തീരുമാനം.





