ഇടുക്കിയിൽ സ്ഥാനാർത്ഥി നിർണയം അന്തിമഘട്ടത്തിൽ; പ്രഖ്യാപനം ഈ ആഴ്ചയ്ക്കകം

ഇടുക്കിയിൽ സ്ഥാനാർത്ഥി നിർണയം അന്തിമഘട്ടത്തിൽ; പ്രഖ്യാപനം ഈ ആഴ്ചയ്ക്കകം

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറത്തുവരാൻ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇടുക്കി ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും മുന്നണികളുടെ സ്ഥാനാർത്ഥി നിർണയം അന്തിമഘട്ടത്തിലേക്ക് കടന്നു. ഈ ആഴ്ച തന്നെ പാർട്ടികൾ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്താനാണ് സാധ്യത.

Slide 1
Slide 2
Slide 3
Slide 4

തൊടുപുഴ ഒഴികെയുള്ള നാല് മണ്ഡലങ്ങളിൽ ഇടതുമുന്നണിയുടെ സ്ഥാനാർത്ഥികളെ കുറിച്ചുള്ള തീരുമാനം ഏകദേശമായി ആയതായി സൂചന. സി.പി.ഐ മത്സരിക്കുന്ന പീരുമേട് മണ്ഡലത്തിൽ ജില്ലാ സെക്രട്ടറി കെ. സലിംകുമാറിനെ മത്സരിപ്പിക്കാൻ പാർട്ടി സംസ്ഥാന നേതൃത്വം തീരുമാനിച്ചതായാണ് വിവരം. ജില്ലാ സെക്രട്ടറിയുടെ ചുമതല സ്ഥാനാർത്ഥി പട്ടികയിലുണ്ടായിരുന്ന ജോസ് ഫിലിപ്പിന് നൽകാനിടയുണ്ട്. ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥിയെ സംബന്ധിച്ച അന്തിമ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. റോയ് കെ. പൗലോസിന്റെ പേരാണ് സജീവമായി പരിഗണനയിൽ ഉള്ളത്. അതേസമയം റോമൻ കത്തോലിക്ക വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയെ മത്സരിപ്പിക്കണമെന്ന ആവശ്യം കാഞ്ഞിരപ്പിള്ളി രൂപത യു.ഡി.എഫ് നേതൃത്വത്തോട് ഉന്നയിച്ചതായും അറിയുന്നു. അങ്ങനെ വന്നാൽ സിറിയക് തോമസിന് വീണ്ടും അവസരം ലഭിക്കാനിടയുണ്ട്.

സി.പി.എം മത്സരിക്കുന്ന ഉടുമ്പഞ്ചോലയിൽ കെ.കെ. ജയചന്ദ്രനും ദേവികുളത്ത് എ. രാജയുമാകും സ്ഥാനാർത്ഥികൾ. ഈഴവ ഭൂരിപക്ഷ മണ്ഡലമായ ഉടുമ്പഞ്ചോലയിൽ യു.ഡി.എഫ് ഈഴവ സ്ഥാനാർത്ഥിയെ പരിഗണിക്കുകയാണ്. അഡ്വ. എസ്. അശോകൻ, സേനാപതി വേണു, കെ.എസ്. അരുണ്‍ എന്നിവരാണ് പട്ടികയിൽ. സംവരണ മണ്ഡലമായ ദേവികുളം പിടിക്കാനായി പുതുമുഖത്തെ ഇറക്കണമെന്ന് കെ.പി.സി.സി നിർദ്ദേശം നൽകിയതായാണ് വിവരം. ഇതനുസരിച്ച് ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം കൃഷ്ണമൂർത്തി, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി എഫ്. രാജ എന്നിവരാണ് പരിഗണനയിൽ.

എൽ.ഡി.എഫിൽ കേരള കോൺഗ്രസ് (എം) മത്സരിക്കുന്ന തൊടുപുഴ മണ്ഡലത്തിൽ സ്ഥാനാർത്ഥിയെക്കുറിച്ചുള്ള അന്തിമ തീരുമാനം ഇനി വരാനുണ്ട്. കേരള കോൺഗ്രസ് തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറയ്ക്കാണ് മുൻഗണന ലഭിക്കുന്നത്.

ഇടുക്കി കോൺഗ്രസിന്?

കേരള കോൺഗ്രസ് ജോസഫ്-മാണി വിഭാഗങ്ങൾ നേർക്കുനേർ മത്സരിക്കുന്ന ഇടുക്കി മണ്ഡലം കോൺഗ്രസ് ഏറ്റെടുക്കാനുള്ള നീക്കത്തിലാണ്. നിലവിലെ എം.എൽ.എയും മന്ത്രിയുമായ റോഷി അഗസ്റ്റിനെതിരെ കൈപ്പത്തി ചിഹ്നത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി തന്നെ മത്സരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. കുട്ടനാടും ഏറ്റുമാനൂരും കൂടാതെ ഇടുക്കിയും കോൺഗ്രസ് ഏറ്റെടുക്കാനാണ് ശ്രമം. യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയ് വെട്ടിക്കുഴി പരിഗണനയിൽ. എന്നാൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം സീറ്റ് വിട്ടുകൊടുക്കാൻ തയ്യാറായിട്ടില്ല. കേരള കോൺഗ്രസ് തന്നെ മത്സരിച്ചാൽ ജില്ലാ പ്രസിഡന്റ് എം.ജെ. ജേക്കബ്, സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ, ഉന്നതാധികാര സമിതിയംഗം നോബിള്‍ ജോസഫ് എന്നിവരിൽ ആരെങ്കിലും സ്ഥാനാർത്ഥിയാകും.

തൊടുപുഴയിൽ ജോസഫോ മകനോ

തൊടുപുഴയിൽ പി.ജെ. ജോസഫ് തന്നെ മത്സരിക്കുമോയെന്ന കാര്യത്തിൽ യു.ഡി.എഫിൽ അനിശ്ചിതത്വം തുടരുകയാണ്. ഇതുസംബന്ധിച്ച് പാർട്ടിയിൽ ഭിന്നത നിലനിൽക്കുന്നു. ഒരു വിഭാഗം പ്രവർത്തകർ ജോസഫ് തന്നെ മത്സരിക്കണമെന്ന് ആവശ്യപ്പെടുമ്പോൾ, മറ്റൊരു വിഭാഗം അദ്ദേഹത്തിന്റെ ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മകൻ അപുവിനെ സ്ഥാനാർത്ഥിയാക്കണമെന്ന അഭിപ്രായമാണ് മുന്നോട്ട് വയ്ക്കുന്നത്. അന്തിമ തീരുമാനം പി.ജെ. ജോസഫിന്റേതായിരിക്കും.