ഡോക്ടർമാരുടെ ഡ്യൂട്ടി സമയം വർധിപ്പിച്ച ഉത്തരവിനെതിരെ പ്രതിഷേധം

ഡോക്ടർമാരുടെ ഡ്യൂട്ടി സമയം വർധിപ്പിച്ച ഉത്തരവിനെതിരെ പ്രതിഷേധം

ഇടുക്കി: ഡോക്ടർമാരുടെ എണ്ണം വർധിപ്പിക്കാതെ ഡ്യൂട്ടി സമയം കൂട്ടിയ സർക്കാർ ഉത്തരവിനെതിരെ ഇടുക്കി ജില്ലയിലെ എല്ലാ താലൂക്ക് ആശുപത്രികളിലും പ്രതിഷേധ യോഗങ്ങൾ നടന്നു. തൊടുപുഴ ജില്ലാ ആശുപത്രിയിൽ നടന്ന പ്രതിഷേധ യോഗത്തിൽ കെജിഎംഒഎ യൂണിറ്റ് കൺവീനർ ഡോ. ജോബിൻ ജോസ് സ്വാഗതം പറഞ്ഞു. ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് ഡോ. പ്രീതി സി.ജെ അധ്യക്ഷത വഹിച്ചു. കെജിഎംഒഎ മിഡ്സോൺ വൈസ് പ്രസിഡന്റ് ഡോ. അൻസൽ നബി യോഗം ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4

ആശുപത്രികളിൽ ഡോക്ടർമാരുടെ കുറവ് പരിഹരിച്ച് ജനങ്ങൾക്ക് നിലവാരമുള്ള ചികിത്സ ഉറപ്പാക്കണമെന്ന ആവശ്യവുമായി സംഘടന മുന്നോട്ടുവന്നിരിക്കെ, വേണ്ട കൂടിയാലോചനകളില്ലാതെ ഡ്യൂട്ടി സമയം വർധിപ്പിച്ച ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചതായി കെജിഎംഒഎ ആരോപിച്ചു.

ജില്ലയിലെ ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിൽ ഡോക്ടർമാരുടെ ഗുരുതരമായ കുറവാണ് നിലവിലുള്ളത്. തൊടുപുഴ ജില്ലാ ആശുപത്രിയിൽ ആകെ നാല് തസ്തികകളുണ്ടെങ്കിലും അതിൽ ഒന്ന് ഒഴിവായിരിക്കുകയാണ്. ഈ ജോലികളും സ്പെഷ്യാലിറ്റി ഡോക്ടർമാർക്ക് നിർവഹിക്കണമെന്ന നിലപാടാണ് പുതിയ ഉത്തരവിലുണ്ടെന്ന് സംഘടന ചൂണ്ടിക്കാട്ടി. ഇതിലൂടെ രോഗികൾക്ക് ആവശ്യമായ സേവനം ലഭിക്കാതെ പോകുകയാണെന്നും സംഘടന അഭിപ്രായപ്പെട്ടു.

ഗൈനക്കോളജി ഉൾപ്പെടെയുള്ള സ്പെഷ്യാലിറ്റി തസ്തികകൾ വർധിപ്പിക്കാതെയും നിലവിലുള്ള ഒഴിവുകൾ നികത്താതെയും ഉള്ളവരെ കൊണ്ട് കൂടുതൽ ജോലി ചെയ്യിപ്പിക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിച്ചതെന്ന് സംഘടന ആരോപിച്ചു. ഇതിലൂടെ ഡോക്ടർമാരുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നതോടൊപ്പം ജനങ്ങൾക്ക് വേണ്ടത്ര ചികിത്സ ലഭിക്കാത്ത സാഹചര്യം ഉണ്ടാകുമെന്നും യോഗം വിലയിരുത്തി.

മതിയായ ചർച്ചകൾ നടത്താതെയാണ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസ് സമയം രാവിലെ 10 മുതൽ വൈകിട്ട് 5 വരെ എന്നതിൽ നിന്ന് രാവിലെ 8 മുതൽ വൈകിട്ട് 3 വരെ എന്നാക്കി മാറ്റിയതെന്നും ഇതിലൂടെ പൊതുജനങ്ങൾക്ക് സൂപ്രണ്ടിനെ നേരിൽ കാണാനുള്ള അവസരം നഷ്ടപ്പെടുന്നുവെന്നും സംഘടന ചൂണ്ടിക്കാട്ടി. ഒരു രോഗിക്ക് ഡോക്ടർ എത്ര സമയം നൽകണം എന്ന കാര്യത്തിലും സർക്കാർ ഉത്തരവിൽ വ്യക്തതയില്ലെന്നും കെജിഎംഒഎ വ്യക്തമാക്കി.

ഡോക്ടർമാരുടെ അവകാശങ്ങൾ അവഗണിക്കുന്ന ഇത്തരം ഉത്തരവുകൾ പൊതുജനങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നതിനാൽ ഈ ഉത്തരവ് അംഗീകരിക്കാനാകില്ലെന്ന് പ്രതിഷേധ യോഗം വ്യക്തമാക്കി.