ഇടുക്കിയിൽ പട്ടയഭൂമിയിലെ നിർമ്മാണ നിരോധനം നീക്കി; മന്ത്രിസഭാ തീരുമാനം
ഇടുക്കി: ജില്ലയിലെ പട്ടയ ഭൂമിയിൽ നിർമ്മാണ നിരോധനം നീക്കി സർക്കാർ തീരുമാനം. വിവിധ ആവശ്യങ്ങൾക്ക് ഭൂമി വിനിയോഗിക്കുന്നതിനായി കേരള ഭൂമി പതിവ് ചട്ടത്തിൽ ഭേദഗതി വരുത്തി അനുമതി നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
പട്ടയമായി നൽകിയ ഭൂമി വീടുനിർമാണത്തിനും കൃഷിക്കും പുറമെ മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനുള്ള അനുമതി നൽകാനാണ് തീരുമാനം. ഇതോടെ പതിച്ചു നൽകിയ ഭൂമിയിൽ വീടുകൾ മാത്രമല്ല, മറ്റ് നിർമാണ പ്രവർത്തനങ്ങളും നടത്താൻ പട്ടയ ഉടമകൾക്ക് സാധിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി Roshy Augustine അറിയിച്ചു.
ഹൈറേഞ്ച് ജനതയുടെ ഏറെക്കാലത്തെ ആവശ്യമാണ് മന്ത്രിസഭ അംഗീകരിച്ചതെന്നും 2010 മുതൽ നിലനിന്നിരുന്ന അനിശ്ചിതത്വം ഇതോടെ അവസാനിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
പുതിയ തീരുമാനപ്രകാരം 5000 ചതുരശ്ര അടിവരെ വരുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഫീസ് ഈടാക്കില്ല. 5000 മുതൽ 10,000 ചതുരശ്ര അടിവരെ ഭൂമിയുടെ ന്യായവിലയുടെ ഒരു ശതമാനം ഫീസായും, അതിനുമുകളിലുള്ള നിർമ്മിതികൾക്ക് ഭൂമിയുടെ ന്യായവിലയുടെ രണ്ട് ശതമാനവും ഈടാക്കും. മറ്റ് ആവശ്യങ്ങൾക്കായി ഭൂമി ഉപയോഗിക്കുന്നതിനായി ഭൂമിയുടെ ന്യായവിലയുടെ അഞ്ച് ശതമാനം ഫീസ് നൽകണം.
നിലവിൽ ഇത്തരം നിർമാണങ്ങൾ ഉണ്ടായിരുന്നവ ക്രമവത്കരിക്കാൻ ചട്ടം ഉണ്ടായിരുന്നെങ്കിലും, പുതിയ ചട്ടം നിലവിൽ വന്നതോടെ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കാൻ അനുമതിയും ലഭ്യമാകും.
പതിച്ചു നൽകിയ ഭൂമി പതിവ് വ്യവസ്ഥകൾക്ക് വിരുദ്ധമായി ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ചില സംഘടനകളും വ്യക്തികളും കോടതിയെ സമീപിച്ചതിനെ തുടർന്ന് ജില്ലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ ഏകദേശം നിലച്ച നിലയിലായിരുന്നു.





