മേമാരി ആദിവാസി ഗ്രാമ റോഡ് നിർമാണം മുടങ്ങി; പ്രതിഷേധം ശക്തം
ഇടുക്കി: ഇടുക്കി വന്യജീവി സങ്കേതം ഉൾപ്പെടുന്ന മേമാരി ആദിവാസി ഗ്രാമത്തിലേക്കുള്ള റോഡ് നിർമാണം പാതിവഴിയിൽ മുടങ്ങിയതിനെതിരെ നാട്ടുകാർ പ്രതിഷേധം ശക്തമാക്കി. അംബേദ്കർ സെറ്റിൽമെന്റ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചെലവഴിച്ച് ആരംഭിച്ച നിർമ്മാണമാണ് വീണ്ടും നിലച്ചത്.
2021-22ൽ പട്ടികവർഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയിൽ കഴിഞ്ഞ വർഷവും ഈ വർഷവും ചേർത്ത് 800 മീറ്റർ മാത്രം നിർമിച്ച ശേഷമാണ് കരാറുകാരൻ പ്രവൃത്തി നിർത്തിയത്. ആകെ 2.06 കിലോമീറ്റർ നിർമിക്കേണ്ട റോഡിന്റെ ബാക്കി ഭാഗം ഉപേക്ഷിച്ച നിലയിലാണ്. കരാറുകാരനും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണിതിന് കാരണമെന്നാരോപിച്ച് ഉന്നതി നിവാസികൾ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.
റോഡ് ഇല്ലാത്തതിനാൽ വന്യമൃഗ ഭീഷണിക്കിടെ കിലോമീറ്ററുകൾ നടന്ന് പുറംലോകത്തെത്തേണ്ട അവസ്ഥയാണ്. നിരവധി കിടപ്പ് രോഗികളുള്ള പ്രദേശത്ത് അടിയന്തര ചികിത്സ പോലും ലഭ്യമാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. വേനലിൽ പൊടിയും മഴക്കാലത്ത് ചെളിയും യാത്ര ദുരിതമാക്കുന്നു.
അധികാരികളിൽ നിന്ന് നടപടി ലഭിക്കാത്തതിനെ തുടർന്ന് സമരം ശക്തിപ്പെടുത്താനാണ് തീരുമാനം. പ്രോജക്ട് ഓഫീസിന് മുന്നിൽ സത്യാഗ്രഹവും പിന്നീട് കളക്ട്രേറ്റിന് മുന്നിൽ കുടിൽ കെട്ടിയും സമരം നടത്തുമെന്ന് നേതാക്കൾ അറിയിച്ചു.





