ഇടുക്കിയിലെ സ്ഥാനാർത്ഥി നിർണ്ണയം യുവാക്കളെ അപ്പാടെ തള്ളിയതായി വിമർശ്ശനം...
യുവ വോട്ടർമാർക്ക് സ്വാധീനമുള്ള മണ്ഡലം.
ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇടുക്കി ജില്ലയിലെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിൽ യുവ നേതാക്കളെ പൂർണ്ണമായും അവഗണിച്ചുവെന്ന വിമർശനം ശക്തമാകുന്നു. യുവജന സംഘടനകളിൽ സജീവമായി പ്രവർത്തിക്കുന്ന നിരവധി നേതാക്കൾ ഉണ്ടായിട്ടും, അന്തിമ പട്ടികയിൽ ഒരാളും ഇടംനേടാത്തതിൽ പാർട്ടിയുടെ യുവജന സംഘടനകൾ അതൃപ്തരാണ്.
ആദ്യഘട്ട ചർച്ചകളിൽ പീരുമേട് / ഇടുക്കി മണ്ഡലങ്ങളിൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്റായ അലോഷ്യസ് സേവ്യറും, ഇടുക്കി മണ്ഡലത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി ബിജോ മാണിയും, ഉടുമ്പൻചോലയിൽ കെ.എസ് അരുണും ഉൾപ്പെടെ പല യുവ നേതാക്കളുടെയും പേരുകൾ സജീവമായി പരിഗണനയിൽ ഉണ്ടായിരുന്നെങ്കിലും അന്തിമ ഘട്ടത്തിൽ ഇവരെല്ലാം പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടു.
യുവ വോട്ടർമാർ നിർണായക സ്വാധീനമുള്ള ജില്ലയായ ഇടുക്കിയിൽ, യുവ സ്ഥാനാർത്ഥികൾ മത്സര രംഗത്തിറങ്ങിയിരുന്നുവെങ്കിൽ രാഷ്ട്രീയ സമവാക്യങ്ങൾ തന്നെ മാറുമായിരുന്നെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. എന്നാൽ കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരും, മുതിർന്ന നേതാക്കൾ തമ്മിലുള്ള അഭിപ്രായ ഭിന്നതകളും സ്ഥാനാർത്ഥി നിർണയത്തിൽ നിർണായക ഘടകങ്ങളായി.
ഇടുക്കി മണ്ഡലത്തിൽ ആറാം തവണയും മത്സരത്തിനിറങ്ങുന്ന റോഷി അഗസ്റ്റിനെതിരെ കാർഷിക വിഷയങ്ങളിൽ സജീവ ഇടപെടലുകളിലൂടെ ശ്രദ്ധ നേടിയ ബിജോ മാണിയുടെ പേര് ശക്തമായി പരിഗണിക്കപ്പെട്ടിരുന്നു. അതേസമയം, സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്ന അലോഷ്യസ് സേവ്യർ, അവസാനം പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിനെ തുടർന്ന് പ്രതിഷേധമായി കെഎസ്‌യു സംസ്ഥാന പ്രസിഡന്റിന്റെ സ്ഥാനത്ത് നിന്ന് രാജിവെക്കാൻ ഒരുങ്ങിയെന്ന വാർത്തകളും പുറത്തുവന്നു. പിന്നാലെ മുതിർന്ന നേതാക്കളുടെ ഇടപെടലിനെ തുടർന്ന് അദ്ദേഹം തീരുമാനം പിൻവലിച്ചതായാണ് വിവരം.
ജില്ലയിലെ യുവ നേതാക്കളെ അപ്പാടെ അവഗണിച്ചത് കോൺഗ്രസിന് വെല്ലുവിളിയാകുമോഎന്നതാണ് ഉയർന്നുവരുന്ന ചോദ്യം





