വനസംരക്ഷണ ചുമതലകൾക്ക് ഒപ്പം കൃഷിയിലും മികവ് തെളിയിച്ച് അയ്യപ്പൻകോവിൽ റേഞ്ച് ഓഫീസിലെ വനപാലകർ
ഇടുക്കി: വനസംരക്ഷണ ചുമതലകൾക്ക് പുറമെ കൃഷിയിലും മികവ് തെളിയിച്ച് അയ്യപ്പൻകോവിൽ റേഞ്ച് ഓഫീസിലെ വനപാലകർ ശ്രദ്ധേയരാകുന്നു. ഓഫീസ് പരിസരത്ത് ഉപയോഗശൂന്യമായി കിടന്നിരുന്ന പത്ത് സെന്റ് ഭൂമിയെ ജൈവ പച്ചക്കറി കൃഷിയിലൂടെ സജീവമാക്കിയാണ് ഇവർ മാതൃകയാകുന്നത്.
കാഞ്ചിയാർ പള്ളിക്കവലയ്ക്ക് സമീപമുള്ള റേഞ്ച് ഓഫീസ് വളപ്പിലും ക്വാർട്ടേഴ്സ് പരിസരത്തുമാണ് വിഷരഹിത പച്ചക്കറികൾ വളരുന്നത്. ജനുവരി ആദ്യവാരം ഓരോ ജീവനക്കാരും ഓരോ തൈ നട്ടുകൊണ്ടാണ് കൃഷിക്ക് തുടക്കമിട്ടത്.
റേഞ്ച് ഓഫീസർ കെ വി രതീഷ്, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ആർ ബിനോജ് എന്നിവരുടെ മേൽനോട്ടത്തിൽ ജീവനക്കാരും കുടുംബാംഗങ്ങളും ഒരുമിച്ചപ്പോൾ രണ്ട് മാസത്തിനുള്ളിൽ തന്നെ വിളവെടുപ്പ് സാധ്യമായി. വഴുതന, മുളക്, പാവൽ, തക്കാളി, അച്ചിങ്ങപ്പയർ, ബീൻസ് തുടങ്ങിയ നിത്യോപയോഗ പച്ചക്കറികൾ ഇവിടെ സമൃദ്ധമായി ലഭിക്കുന്നു.
ഔദ്യോഗിക തിരക്കുകൾക്കിടയിലും കൃഷിയുടെ പരിപാലനത്തിന് ജീവനക്കാർ സമയം കണ്ടെത്തുന്നു. പാർട്ട് ടൈം സ്വീപ്പർ കെ എൻ പ്രസാദ് കൃഷിയിടത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിക്കുന്നു.
പച്ചക്കറികൾക്ക് പുറമെ നൂറ്റമ്പതിലധികം ഔഷധസസ്യങ്ങളും ഇവിടെ സംരക്ഷിക്കുന്നു. നീലയമരി, ശംഖുപുഷ്പം, വിവിധയിനം തുളസികൾ എന്നിവ ഉൾപ്പെടുന്ന സമൃദ്ധമായ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്.
സീനിയർ ക്ലാർക്ക് മുത്തുകുമാർ, ധന്യമോൾ, വാച്ചർമാരായ ദിവാകരൻ, തങ്കൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കവിത, ആര്യ, അഫ്സൽ, പ്രിയേഷ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.കെ വിനോദ് എന്നിവർ ചേർന്ന സംഘമാണ് ഈ ഹരിത സംരംഭത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്.
കാഞ്ചിയാർ കൃഷിഭവന്റെ സഹകരണത്തോടെ കൃഷി കൂടുതൽ വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ് വനംവകുപ്പ് ജീവനക്കാർ.





