നാല്പതാം വെള്ളി: എഴുകുംവയൽ കുരിശുമലയിലേക്ക് കാൽനട തീർഥാടനം ആരംഭിച്ചു

നാല്പതാം വെള്ളി: എഴുകുംവയൽ കുരിശുമലയിലേക്ക് കാൽനട തീർഥാടനം ആരംഭിച്ചു

ഇടുക്കി രൂപത നോമ്പുകാല തീർഥാടന ദിനമായി ആചരിക്കുന്ന നാല്പതാം വെള്ളിയോടനുബന്ധിച്ച് ഹൈറേഞ്ചിലെ പ്രസിദ്ധ എഴുകുംവയൽ കുരിശുമലയിലേക്ക് നാലാമത് കാൽനട തീർഥാടനം ആരംഭിച്ചു.

Slide 1
Slide 2
Slide 3
Slide 4

“ക്രൂശിതനൊപ്പം അനുതാപത്തിന്റെയും പരിഹാരത്തിന്റെയും പാതയിൽ ഒന്നായി യാത്രചെയ്യാം” എന്ന ആപ്തവാക്യവുമായി രൂപതാതല തീർഥാടനം ഇത്തവണയും നടക്കുന്നു.

ഇന്നലെ വൈകുന്നേരം വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ നിന്നാണ് ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തിൽ തീർഥാടനം ആരംഭിച്ചത്. ചെറുതോണി, ഇടുക്കി, മരിയാപുരം, പാണ്ടിപ്പാറ എന്നീ വഴികളിലൂടെ സഞ്ചരിച്ച തീർഥാടകർ രാത്രി തങ്കമണിയിൽ എത്തി.

വാഴത്തോപ്പിൽ നിന്ന് ഏകദേശം 35 കിലോമീറ്റർ പിന്നിട്ടാണ് തീർഥാടനം തങ്കമണിയിലെത്തിയത്. നൂറുകണക്കിന് വിശ്വാസികൾ മെത്രാനൊപ്പം കാൽനടയാത്രയിൽ പങ്കെടുത്തു.

ഇന്ന് വെളുപ്പിന് 4 മണിക്ക് തങ്കമണിയിൽ നിന്ന് തീർഥാടനം പുനരാരംഭിക്കും. കൂടാതെ മൂന്ന് കേന്ദ്രങ്ങളിൽ നിന്നുകൂടി തീർഥാടനങ്ങൾ ആരംഭിക്കും:

വെള്ളയാംകുടി – രാവിലെ 5 മണി

തോപ്രാംകുടി – രാവിലെ 4 മണി

നെടുങ്കണ്ടം – രാവിലെ 6 മണി

രാവിലെ 7.15ന് നാല് മേഖലകളിൽ നിന്നുള്ള തീർഥാടകർ വെട്ടിക്കാമറ്റം കവലയിൽ ഒന്നിച്ചുചേരും. തുടർന്ന് സംയുക്തമായി എഴുകുംവയൽ കുരിശുമലയിലേക്ക് യാത്ര തുടരും.

രാവിലെ 8 മണിക്ക് മലയടിവാരത്തിലുള്ള കപ്പേളയിൽ പ്രാരംഭ പ്രാർത്ഥനയ്ക്ക് ശേഷം കുരിശിന്റെ വഴിയായി മലകയറും. മലമുകളിൽ തക്കല രൂപത മെത്രാൻ മാർ ജോർജ് രാജേന്ദ്രൻ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും.