സ്ത്രീവിരുദ്ധ പരാമര്‍ശം : ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യുവിനെതിരെ കടുത്ത വിമര്‍ശനം
ഇടുക്കി: തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ സ്ത്രീവിരുദ്ധവും ആക്ഷേപകരവുമായ പരാമര്‍ശങ്ങള്‍ നടത്തിയ ഇടുക്കി ഡി.സി.സി പ്രസിഡന്റ് C P മാത്യുവിന് എതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു. ഇടുക്കി നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി റോയ് കെ. പൗലോസിന്റെ പ്രചാരണയോഗത്തില്‍ സംസാരിക്കവെയാണ് വിവാദ പ്രസംഗം ഉണ്ടായത്.
രാഷ്ട്രീയ എതിരാളികളെ കുടുക്കാന്‍ സ്ത്രീകളെ ഉപയോഗിച്ച് വ്യാജപരാതികള്‍ നല്‍കാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് അദ്ദേഹം നടത്തിയതെന്നാണ് ആരോപണം. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉണ്ടായാല്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതീവ നടപടികള്‍ സ്വീകരിക്കണമെന്ന രീതിയില്‍ സംസാരിച്ചതായും, പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ സ്ത്രീവിരുദ്ധവും അപമാനകരവുമാണെന്നുമാണ് വിമര്‍ശനം.
പ്രസംഗത്തിനിടെ ഒരു വനിതാ പഞ്ചായത്ത് അംഗത്തെക്കുറിച്ചും പരാമര്‍ശം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഈ പരാമര്‍ശങ്ങള്‍ നിയമസംവിധാനത്തെ ദുരുപയോഗം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
ഇതോടെ വിഷയത്തില്‍ രാഷ്ട്രീയ വിവാദം ശക്തമായി. എല്‍.ഡി.എഫ് രംഗത്തെത്തി പ്രസ്താവനയെ ശക്തമായി അപലപിക്കുകയും ബന്ധപ്പെട്ട നേതാവിനെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തു. സ്ത്രീത്വത്തെ അപമാനിക്കുന്നതും നിയമസംവിധാനത്തെ തെറ്റായി ഉപയോഗിക്കാന്‍ ആഹ്വാനം ചെയ്യുന്നതുമായ പരാമര്‍ശങ്ങള്‍ ഗുരുതരമാണെന്ന് എല്‍.ഡി.എഫ് ആരോപിച്ചു.





