തോട്ടം തൊഴിലാളികളുടെ ദുരിതം അവസാനിപ്പിക്കണം : പ്രതിഷേധവുമായി പീരുമേട് എൻഡിഎ സ്ഥാനാർഥി രതീഷ് വരകുമല
ഈസ്റ്റർ രാത്രിയിൽ ലേബർ ഓഫീസിന് മുൻപിൽ കിടന്നുറങ്ങിയാണ് പീരുമേട് നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർത്ഥി രതീഷ് വരകുമല പ്രതിഷേധിച്ചത്
പീരുമേട് നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർത്ഥി രതീഷ് വരകുമല ഈസ്റ്റർ രാത്രിയിൽ ലേബർ ഓഫീസിന് മുൻപിൽ കിടന്നുറങ്ങി പ്രതിഷേധിച്ചു. തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളിലെ ദുരിതാവസ്ഥ തെരഞ്ഞെടുപ്പ് വേളയിൽ പൊതുചർച്ചയാക്കുകയാണ് പ്രതിഷേധത്തിന്റെ ലക്ഷ്യം.
വർഷങ്ങളോളം പഴക്കമുള്ള ലയങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളില്ലാതെ തൊഴിലാളികൾ ദുരിതജീവിതമാണ് നയിക്കുന്നതെന്ന് സ്ഥാനാർത്ഥി ആരോപിച്ചു. പല ലയങ്ങളും വാസയോഗ്യമല്ലാത്ത അവസ്ഥയിലാണെന്നും, ഇവ പുതുക്കിപ്പണിയുകയോ തൊഴിലാളികൾക്ക് ആവശ്യമായ ആനുകൂല്യങ്ങൾ നൽകുകയോ ചെയ്യുന്നതിൽ കമ്പനികൾ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സർക്കാരും ജനപ്രതിനിധികളും കമ്പനികളുടെ താൽപര്യങ്ങൾക്കനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും വിമർശനം ഉയർന്നു. നരകതുല്യമായ ജീവിതസാഹചര്യങ്ങളെക്കുറിച്ച് തുറന്നു പറയാൻ തൊഴിലാളികൾക്ക് ഭയം നിലനിൽക്കുന്നുവെന്നും, ട്രേഡ് യൂണിയൻ നേതാക്കളെ ഭയന്നാണ് പലരും മിണ്ടാതിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജോലി നഷ്ടപ്പെടുമെന്ന ആശങ്കയും തൊഴിലാളികളിൽ ശക്തമാണെന്ന് വ്യക്തമാക്കി.
തൊഴിലാളികളുടെ അവകാശങ്ങളും അന്തസ്സും സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധ ഉറക്കം സംഘടിപ്പിച്ചതെന്ന് സ്ഥാനാർത്ഥി അറിയിച്ചു.





