ചിലന്തിയാർ ചെക്ക് ഡാം: സുപ്രീം കോടതിയിൽ സംസ്ഥാനത്തിന് ആശ്വാസം
ഇടുക്കി വട്ടവടയിലെ ചിലന്തിയാർ ചെക്ക് ഡാം നിർമാണവുമായി ബന്ധപ്പെട്ട ഹർജിയിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയിൽ ആശ്വാസം. നിർമാണ നടപടികൾ തടഞ്ഞ ദേശീയ ഹരിത ട്രിബ്യൂണൽ (NGT) ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. കൂടാതെ എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടു.
വട്ടവടയിലെ ചെക്ക് ഡാം നിർമാണത്തിൽ ഹരിത ട്രിബ്യൂണൽ ഇടപെടുന്നതിനെതിരെ കേരളം മാർച്ച് 25-നാണ് സുപ്രീം കോടതിയെ സമീപിച്ചത്. സംസ്ഥാന ചീഫ് സെക്രട്ടറി എസ്. ജയതിലകാണ് ഹർജി സമർപ്പിച്ചത്. അന്തർ സംസ്ഥാന നദീജല തർക്കങ്ങളിൽ ഇടപെടാൻ ദേശീയ ഹരിത ട്രിബ്യൂണലിന് അധികാരമില്ലെന്നതാണ് സംസ്ഥാനത്തിന്റെ പ്രധാന വാദം.
വട്ടവട പഞ്ചായത്തിലെ ശുദ്ധജല ക്ഷാമം പരിഹരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. ജൽജീവൻ മിഷന്റെ ഭാഗമായാണ് ചിലന്തിയാർ ചെക്ക് ഡാം നിർമാണം മുന്നോട്ടു കൊണ്ടുപോകുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, തമിഴ്നാട്ടിലെ അമരാവതി അണക്കെട്ടിലേക്കുള്ള ജലപ്രവാഹം കുറയാമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ദേശീയ ഹരിത ട്രിബ്യൂണൽ നിർമാണത്തിന് സ്റ്റേ ഏർപ്പെടുത്തിയത്.
സംസ്ഥാന സർക്കാരിനായി മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്ത, സ്റ്റാൻഡിംഗ് കൗൺസൽ നിഷേ രാജൻ ഷൊങ്കർ, അഭിഭാഷകൻ ആലിം അൻവർ എന്നിവർ സുപ്രീം കോടതിയിൽ ഹാജരായി.





