മംഗളാദേവി ചിത്രാപൗർണമി: ഭക്തർക്കായി സമഗ്ര സുരക്ഷാ-സൗകര്യങ്ങൾ ഒരുക്കും

മംഗളാദേവി ചിത്രാപൗർണമി: ഭക്തർക്കായി സമഗ്ര സുരക്ഷാ-സൗകര്യങ്ങൾ ഒരുക്കും

ഇടുക്കി: മെയ് 1ന് നടക്കുന്ന മംഗളാദേവി ചിത്രാപൗർണമി ഉത്സവത്തോടനുബന്ധിച്ച് ഭക്തർക്ക് സുഗമവും സുരക്ഷിതവുമായ ദർശനം ഉറപ്പാക്കുന്നതിനായി എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു. ഇടുക്കി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടും തേനി ജില്ലാ കളക്ടർ രജ്ഞീത് സിംഗും ചേർന്നാണ് ഇത് അറിയിച്ചത്.

Slide 1
Slide 2
Slide 3
Slide 4

പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ മംഗളാദേവി ക്ഷേത്രത്തിൽ ഉത്സവത്തിനായി എത്തുന്ന ഭക്തർക്കുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ ഇരു ജില്ലകളിലെയും ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേർന്നിരുന്നു. യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർമാർ.

മെയ് 1ന് പുലർച്ചെ 6 മുതൽ ഭക്തർക്കായി പ്രവേശനം അനുവദിക്കും. അതിന് മുൻപായി പൂജാരിമാരെ ക്ഷേത്രത്തിലേക്ക് കടത്തിവിടും. ഉച്ചയ്ക്ക് 2.30ന് ശേഷം പ്രവേശനം നിർത്തിവയ്ക്കും. മോട്ടോർ വാഹന വകുപ്പിന്റെ പാസുള്ള വാഹനങ്ങൾക്കു മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. വാഹനങ്ങൾ ഭക്തരെ ഇറക്കിയതിന് പിന്നാലെ മടങ്ങേണ്ടതാണ്. ക്ഷേത്രപരിസരത്ത് പാർക്കിംഗ് അനുവദിക്കില്ലെന്നും ട്രാക്ടറുകൾക്ക് പ്രവേശനമില്ലെന്നും അധികൃതർ വ്യക്തമാക്കി.

ഭക്തർക്കായി കുടിവെള്ളം, ഭക്ഷണം, ടോയ്‌ലറ്റ്, ആംബുലൻസ് തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കും. ചൂട് പരിഗണിച്ച് ബാരിക്കേഡുകൾക്ക് മുകളിലായി പന്തൽ സ്ഥാപിക്കും. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ മെഡിക്കൽ ടീമുകളും അഗ്നിശമനസേന യൂണിറ്റുകളും ക്ഷേത്രപരിസരത്തും കൊക്കരക്കുളത്തും സജ്ജമാക്കും.

വനത്തിന്റെയും ക്ഷേത്രത്തിന്റെയും പരിപാവനത സംരക്ഷിക്കുന്നതിനെ മുൻനിർത്തി പരിസ്ഥിതി സൗഹൃദ ദർശന സൗകര്യങ്ങൾ ഒരുക്കുമെന്നും അധികൃതർ അറിയിച്ചു.

കുമളി ബാംബു ഗ്രോവ് ഓഡിറ്റോറിയത്തിൽ നടന്ന അന്തർസംസ്ഥാന യോഗത്തിൽ ജില്ലാ പോലീസ് മേധാവി സാബു മാത്യു കെ.എം, സബ് കളക്ടർ അനൂപ് ഗാർഗ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത്, വനം വകുപ്പ് അഡീഷണൽ ഫീൽഡ് ഡയറക്ടർ ആർ. ലക്ഷ്മി, തേനി ഡി.എഫ്.ഒ കിരൺ എന്നിവർ പങ്കെടുത്തു.