കുട്ടികളുടെ സ്ക്രീൻ ഉപയോഗത്തിന് നിയന്ത്രണം: നിയമം വേണമെന്ന് ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: പതിനെട്ട് വയസ്സ് വരെ പ്രായമുള്ള കുട്ടികളിലെ സ്ക്രീൻ ഉപയോഗം നിയന്ത്രിക്കുന്നതിനായി പ്രത്യേക നിയമം കൊണ്ടുവരണമെന്ന് ബാലാവകാശ കമ്മീഷൻ നിർദേശിച്ചു. അടുത്ത അധ്യയന വർഷം മുതൽ ഇത് കര്‍ശനമായി നടപ്പിലാക്കുന്നതിനായി നടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.
നിയമ നിർമ്മാണത്തിനായി പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല സമിതി രൂപീകരിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു. വനിതാ-ശിശു വികസനം, ആരോഗ്യം, നിയമം, ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി വകുപ്പുകളുടെ സെക്രട്ടറിമാരും സംസ്ഥാന പോലീസ് മേധാവിയും സമിതിയിൽ ഉൾപ്പെടണം. കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാറും അംഗം ഷാജേഷ് ഭാസ്‌കറും ചേർന്ന ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കോവിഡ് കാലത്തിനു ശേഷം കുട്ടികളിൽ സ്ക്രീൻ അഡിക്ഷൻ ഗൗരവമായ പ്രശ്നമായി മാറിയിട്ടുണ്ടെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. ഇന്റർനെറ്റ്, മൊബൈൽ ഗെയിമുകൾ, സോഷ്യൽ മീഡിയ എന്നിവയുടെ അമിത ഉപയോഗം കുട്ടികളുടെ മാനസിക, ശാരീരിക, വൈകാരിക വളർച്ചക്കും വിദ്യാഭ്യാസ ജീവിതത്തിനും ദോഷകരമാണെന്നാണ് കണ്ടെത്തൽ.
സ്ക്രീൻ ഉപയോഗത്തിന് നിർദേശങ്ങൾ:
രണ്ട് വയസ്സ് വരെ: വീഡിയോ കോൾ ഒഴികെ സ്ക്രീൻ ഉപയോഗം പൂർണ്ണമായി ഒഴിവാക്കണം
അഞ്ച് വയസ്സ് വരെ: മാതാപിതാക്കളുടെ നിയന്ത്രണത്തിൽ പരമാവധി 1 മണിക്കൂർ
12 വയസ്സ് വരെ: പരമാവധി 2 മണിക്കൂർ
18 വയസ്സ് വരെ: പഠനത്തിനുപുറമെ 2 മണിക്കൂർ മാത്രം
സ്കൂളുകളിൽ കുട്ടികൾ മൊബൈൽ ഫോണോ ടാബ്ലറ്റുകളോ കൊണ്ടുവരുന്നത് നിരോധിക്കണമെന്നും നിർദേശത്തിൽ പറയുന്നു. ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ രക്ഷിതാവിന്റെ അപേക്ഷ സഹിതം അധ്യാപകർക്ക് കൈമാറി നിയന്ത്രിതമായി ഉപയോഗിക്കാം. നിയമം ലംഘിച്ചാൽ ആദ്യം താക്കീത് നൽകുകയും ആവർത്തിച്ചാൽ ഉപകരണം പിടിച്ചെടുത്ത് ഏഴ് ദിവസത്തിന് ശേഷം രക്ഷിതാവിനെ വിളിച്ച് തിരികെ നൽകുകയും ചെയ്യണം.
മൊബൈൽ പരിശോധനകൾ കുട്ടികളുടെ ആത്മാഭിമാനത്തെ ബാധിക്കാത്ത രീതിയിൽ നടത്തണമെന്നും അധ്യാപകർ സൗഹൃദപരമായി പെരുമാറണമെന്നും നിർദേശം നൽകുന്നു. സ്ക്രീൻ ഉപയോഗവുമായി ബന്ധപ്പെട്ട മാർഗ്ഗനിർദേശങ്ങൾ പി.ടി.എ മുഖേന രക്ഷിതാക്കൾക്ക് നൽകുകയും ഡിജിറ്റൽ അവബോധ ക്ലാസുകൾ ഓരോ അധ്യയന വർഷവും നാല് തവണ സംഘടിപ്പിക്കണമെന്നും പറയുന്നു.
കായിക വിനോദങ്ങൾ, യോഗ, എയ്റോബിക്സ്, ഭാഷാ പഠനം, സാഹിത്യ-ശാസ്ത്ര ക്ലബുകൾ, വായന, കൈത്തൊഴിൽ തുടങ്ങിയ പ്രവർത്തനങ്ങളിലേക്ക് കുട്ടികളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികളും സ്കൂളുകൾ നടപ്പിലാക്കണം.
പാലക്കാട് കുമരനല്ലൂരിലെ ഒരു വിദ്യാർത്ഥി ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട വിവാദം പശ്ചാത്തലമായി കമ്മീഷൻ സ്വമേധയാ കേസ് എടുത്താണ് ഈ നിർദേശങ്ങൾ പുറപ്പെടുവിച്ചത്. ബന്ധപ്പെട്ട വകുപ്പുകൾ 30 ദിവസത്തിനകം നടപടി റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.


