കിലോമീറ്ററുകൾ സഞ്ചരിച്ചെത്തുന്നവർക്ക് നിരാശ : വാഗമൺ ഗ്ലാസ് ബ്രിഡ്ജ് അടച്ചിട്ട് നാല് മാസം

കിലോമീറ്ററുകൾ സഞ്ചരിച്ചെത്തുന്നവർക്ക് നിരാശ : വാഗമൺ ഗ്ലാസ് ബ്രിഡ്ജ് അടച്ചിട്ട് നാല് മാസം

ഇടുക്കി ജില്ലയിലെ പ്രശസ്ത ടൂറിസം കേന്ദ്രമായ വാഗമണ്ണിൽ സാഹസിക വിനോദങ്ങളുടെ പ്രധാന ആകർഷണമായ ഗ്ലാസ് ബ്രിഡ്ജ് അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ട് നാല് മാസം പിന്നിട്ടിട്ടും തുറക്കാനുള്ള നടപടികൾ വൈകുന്നതോടെ സഞ്ചാരികൾ നിരാശയിലാണ്.

പാരാഗ്ലൈഡിംഗും, ഗ്ലാസ് ബ്രിഡ്ജും, റോപ് വേയും ഉൾപ്പെടെയുള്ള അപൂർവ സാഹസിക വിനോദങ്ങൾ ആസ്വദിക്കാനാണ് നിരവധി പേർ വാഗമണ്ണിലേക്ക് എത്തുന്നത്. എന്നാൽ ഗ്ലാസ് ബ്രിഡ്ജ് അടച്ചതോടെ കിലോമീറ്ററുകൾ സഞ്ചരിച്ചെത്തുന്നവർക്ക് അതിൽ കയറാനാകാതെ മടങ്ങേണ്ടിവരുന്ന അവസ്ഥയാണ് നിലവിൽ.

ഡി.ടി.പി.സിയും പെരുമ്പാവൂർ ഭാരത് മാതാ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് നിർമിച്ച 40 മീറ്റർ നീളമുള്ള ഗ്ലാസ് ബ്രിഡ്ജ് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കാന്റിലീവർ ചില്ലുപാലങ്ങളിലൊന്നാണ്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പാലം 2023-ൽ ടൂറിസം മന്ത്രിയാൽ ഉദ്ഘാടനം ചെയ്തതിനു പിന്നാലെ വലിയ സഞ്ചാരിയൊഴുക്കാണ് ഉണ്ടായത്

വേനൽക്കാലവും അവധിദിവസങ്ങളും ചേർന്നതോടെ വാഗമണ്ണിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചിട്ടും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ഗുരുതര പ്രശ്നമായി തുടരുകയാണ്. മതിയായ ശൗചാലയ സൗകര്യങ്ങളോ പാർക്കിംഗ് സംവിധാനങ്ങളോ ഇല്ല. ഇടുങ്ങിയ റോഡുകൾ കാരണം വലിയ വാഹനങ്ങൾ കടന്നുപോകാനും ബുദ്ധിമുട്ടുണ്ട്. അവധി ദിവസങ്ങളിൽ മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്കും സഞ്ചാരികളെ ബുദ്ധിമുട്ടിക്കുന്നു.

കഴിഞ്ഞ ക്രിസ്മസ് സീസണിൽ മാത്രം ഏകദേശം 25 ലക്ഷം സഞ്ചാരികൾ വാഗമണ്ണിലെത്തിയെന്നാണ് കണക്ക്. തമിഴ്നാട് ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളും ഇവിടെ എത്തുന്നു. കുമളി–വാഗമൺ റോഡുകളുടെ നവീകരണം സമയ ലാഭം നൽകിയെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെട്ടിട്ടില്ല.

ടിക്കറ്റ് വരുമാനവും റിസോർട്ട് നികുതികളും വഴി സർക്കാരിന് ലക്ഷങ്ങൾ ലഭിക്കുന്ന കേന്ദ്രമായിട്ടും വാഗമണ്ണിന് ആവശ്യമായ പരിഗണന ലഭിച്ചിട്ടില്ലെന്ന വിമർശനവും ശക്തമാണ്. കോട്ടയം–ഇടുക്കി അതിർത്തി മേഖലയായ ഇവിടെ ഓരോ തെരഞ്ഞെടുപ്പിലും വികസന വാഗ്ദാനങ്ങൾ ഉയർന്നുവന്നെങ്കിലും പ്രാവർത്തികമായ പദ്ധതികൾ വളരെ കുറവാണ്.

റോഡുകൾ ടാർ ചെയ്തതൊഴിച്ചാൽ, ലക്ഷക്കണക്കിന് സഞ്ചാരികളെ സ്വീകരിക്കാൻ ആവശ്യമായ സമഗ്ര വികസന പദ്ധതികൾ ഇപ്പോഴും നടപ്പായിട്ടില്ല. സാഹസിക വിനോദങ്ങൾക്കായി മലകയറി എത്തുന്ന സഞ്ചാരികൾക്ക് ഗ്ലാസ് ബ്രിഡ്ജ് അടച്ചിടൽ വലിയ നിരാശയായി മാറുകയാണ്.

ഗ്ലാസ് ബ്രിഡ്ജ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കി തുറക്കാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് വേഗത്തിൽ പ്രവർത്തനങ്ങൾ പൂർത്തിയാക്കാത്തപക്ഷം വാഗമണ്ണിന്റെ ടൂറിസം സാധ്യതകൾക്ക് തിരിച്ചടിയാകുമെന്ന് മേഖലയിലെ വ്യാപാരികളും ടൂർ ഓപ്പറേറ്റർമാരും മുന്നറിയിപ്പ് നൽകുന്നു.