യു.വി.സൂചിക ഉയരുന്നു; സഞ്ചാരികൾക്ക് ജാഗ്രത നിർദേശം
മൂന്നാർ: സംസ്ഥാനത്ത് കടുത്ത വേനൽചൂട് തുടരുന്നതിനിടെ, തണുപ്പിന് പേരുകേട്ട മൂന്നാറിലും അൾട്രാവയലറ്റ് ഇൻഡക്സ് (യു.വി സൂചിക) അപകടകരമായ നിലയിലേക്ക് ഉയർന്നു. സാധാരണയായി മൂന്ന് വരെ മാത്രം രേഖപ്പെടുത്തിയിരുന്ന യു.വി സൂചിക, ഇപ്പോൾ എട്ട് വരെ ഉയർന്നതായാണ് റിപ്പോർട്ട്. ഇത് ചർമ്മത്തിനും കണ്ണുകൾക്കും ദോഷകരമാകാമെന്ന് വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു.
സമുദ്രനിരപ്പിൽ നിന്ന് ഉയർന്ന പ്രദേശമായതിനാൽ വായുവിന്റെ സാന്ദ്രത കുറവായ മൂന്നാറിൽ, അൾട്രാവയലറ്റ് കിരണങ്ങളെ തടയാൻ അന്തരീക്ഷത്തിന് കഴിയാത്തതാണ് പ്രധാന കാരണം. മേഘാവൃതമല്ലാത്ത കാലാവസ്ഥയും സൂര്യരശ്മികൾ നേരിട്ട് പതിക്കാൻ ഇടയാക്കുന്നു. പകൽ സമയത്താണ് യു.വി സൂചിക ഉയർന്ന നിലയിൽ തുടരുന്നത്.
അന്തരീക്ഷത്തിലെ അൾട്രാവയലറ്റ് കിരണങ്ങളുടെ അളവാണ് യു.വി ഇൻഡക്സ്. പൂജ്യം മുതൽ അഞ്ച് വരെ ഹാനികരമല്ലാത്തതായും, ആറു മുതൽ ഏഴ് വരെ യെല്ലോ അലേർട്ടും, എട്ട് മുതൽ പത്ത് വരെ ഓറഞ്ച് അലേർട്ടും, പതിനൊന്നിന് മുകളിൽ റെഡ് അലേർട്ടും പ്രഖ്യാപിക്കപ്പെടുന്നു.
സ്ഥിതിഗതികൾ പരിഗണിച്ച് പൊതുജനങ്ങളും സഞ്ചാരികളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു. സഞ്ചാരികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകാൻ ടൂറിസം വകുപ്പിനെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനെയും ചുമതലപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി.
നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കുക, കുടയോ തൊപ്പിയോ ഉപയോഗിക്കുക, പകൽ 11.30 മുതൽ 2.30 വരെ പുറത്തിറങ്ങുന്നത് പരമാവധി കുറയ്ക്കുക, ധാരാളം വെള്ളം കുടിക്കുക, ശരീരം മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക, സൺസ്‌ക്രീൻ ഉപയോഗിക്കുക തുടങ്ങിയ മുൻകരുതലുകൾ പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.


