തിരഞ്ഞെടുപ്പ് വിധിയെ മാനിക്കുന്നു, തെറ്റുപറ്റിയത് കണ്ടെത്തി തിരുത്തും, എല്ലാ പിന്തുണയും പുതിയ ജനപ്രതിനിധിക്ക് ഉണ്ടാകും': റോഷി അഗസ്റ്റിൻ
ഇടുക്കി നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായ റോഷി അഗസ്റ്റിന് അപ്രതീക്ഷിത തോൽവി.യുഡിഎഫ് സ്ഥാനാർത്ഥി റോയ് കെ. പൗലോസ് 23,822 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം സ്വന്തമാക്കി.
പരാജയത്തെ തുടർന്ന് പ്രതികരിച്ച റോഷി അഗസ്റ്റിൻ, ജനവിധി മാനിക്കുന്നതാണെന്ന് വ്യക്തമാക്കി. ജനാധിപത്യത്തിൽ അതാണ് മര്യാദയെന്നും അദ്ദേഹം പറഞ്ഞു. എവിടെയാണ് പിഴവുണ്ടായതെന്ന് പരിശോധിക്കുമെന്നും, പുതിയ ജനപ്രതിനിധിക്ക് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു ക്രിസ്തീയ വിശ്വാസിയായ തനിക്ക് ഈ പരാജയം ദൈവനിശ്ചയമാണെന്നും, ഈ വിജയം തനിക്ക് അർഹതപ്പെട്ടതല്ലെന്ന് ദൈവം തീരുമാനിച്ചതാകാമെന്നും അദ്ദേഹം പറഞ്ഞു. ഭരണവിരുദ്ധ വികാരം ഉണ്ടായതായി താൻ കരുതുന്നില്ലെങ്കിലും മുന്നണിക്കുള്ളിൽ വിശദമായ പഠനം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
റോയ് കെ. പൗലോസ് 70,562 വോട്ടുകൾ നേടിയപ്പോൾ, റോഷി അഗസ്റ്റിന് 46,740 വോട്ടുകളും എൻഡിഎ സ്ഥാനാർത്ഥിയായ പ്രദീഷ് പ്രഭയ്ക്ക് 9,410 വോട്ടുകളും ലഭിച്ചു.


