പൂപ്പാറയില്‍ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചു നീക്കി; 88 നിര്‍മിതികള്‍ക്കെതിരെ നടപടി
പൂപ്പാറ ടൗണില്‍ സര്‍ക്കാര്‍ സ്ഥലം കൈയേറി പന്നിയാര്‍ പുഴയുടെ ഒഴുക്കിന് തടസം സൃഷ്ടിച്ച് നിര്‍മിച്ച അനധികൃത കെട്ടിടങ്ങള്‍ ജില്ലാ ഭരണകൂടം പൊളിച്ചുനീക്കി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പോലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു.
ദുരന്തനിവാരണ നിയമപ്രകാരമാണ് നടപടി സ്വീകരിച്ചത്. ആകെ 88 അനധികൃത കെട്ടിടങ്ങളാണ് പൊളിച്ചുനീക്കിയത്. വ്യാപാര സ്ഥാപനങ്ങളും വീടുകളും ഇതില്‍ ഉള്‍പ്പെടുന്നു. പന്നിയാര്‍ പുഴ പുറമ്പോക്കും റോഡ് പുറമ്പോക്കും കൈയേറി 56 പേരാണ് നിര്‍മാണം നടത്തിയിരുന്നത്.
മറ്റൊരു സ്ഥലത്തും ഭൂമിയോ വീടോ ഇല്ലാത്ത 12 പേരെ പഞ്ചായത്ത് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ പുനരധിവാസം മാത്രമാണ് സര്‍ക്കാര്‍ ഏറ്റെടുക്കുക. സര്‍ക്കാര്‍ ഭൂമി കൈയേറി കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച വ്യാപാര സ്ഥാപനങ്ങള്‍ക്കും ബഹുനില കെട്ടിടങ്ങള്‍ക്കും പുനരധിവാസത്തിന് അര്‍ഹതയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
അനധികൃത നിര്‍മാണങ്ങള്‍ക്ക് പഞ്ചായത്തിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. കെട്ടിടങ്ങള്‍ പൊളിക്കുന്നതിനുള്ള ചെലവും ഉടമകളില്‍ നിന്ന് ഈടാക്കും.
പന്നിയാര്‍ പുഴയുടെ ഒഴുക്കിന് തടസം സൃഷ്ടിക്കുന്ന നിര്‍മാണങ്ങള്‍ മഴക്കാലത്ത് വലിയ ദുരന്തങ്ങള്‍ക്ക് ഇടയാക്കാമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടികള്‍ ശക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം കൂട്ടാറില്‍ ഉണ്ടായ വെള്ളപ്പൊക്കവും അധികൃതര്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടി.
2022 ഒക്ടോബര്‍ 13-ന് വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നുവെങ്കിലും നിര്‍മാണം തുടര്‍ന്നിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയും പിന്നീട് സുപ്രീംകോടതിയും അനധികൃത നിര്‍മിതികള്‍ നീക്കം ചെയ്യാനുള്ള ഉത്തരവ് ശരിവെച്ചു.
2024 ഫെബ്രുവരിയില്‍ പ്രത്യേക ദൗത്യസംഘം കെട്ടിടങ്ങള്‍ സീല്‍ ചെയ്യുകയും താമസക്കാര്‍ക്ക് ഒഴിഞ്ഞുപോകാന്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. 2026 ഫെബ്രുവരിയില്‍ 30 ദിവസത്തിനകം സ്വമേധയാ നിര്‍മിതികള്‍ നീക്കം ചെയ്യണമെന്ന അന്തിമ നോട്ടീസും നല്‍കിയിരുന്നു. കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ഇപ്പോള്‍ റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ പൊളിക്കല്‍ നടപടി പൂര്‍ത്തിയാക്കിയത്.


