പ്രിയ വൈദികന് വിട; ഫാ. ജോസഫ് കോയിക്കലിന്റെ വേർപാടിൽ ദുഃഖമണിഞ്ഞ് ഇടുക്കി രൂപത

പ്രിയ വൈദികന് വിട; ഫാ. ജോസഫ് കോയിക്കലിന്റെ വേർപാടിൽ ദുഃഖമണിഞ്ഞ് ഇടുക്കി രൂപത

ഇടുക്കി രൂപതയിലെ മുരിക്കുംതൊട്ടി സെന്റ് മരിയ ഗോരോത്തി പള്ളി വികാരി ഫാ. ജോസഫ് കോയിക്കലിന്റെ അപ്രതീക്ഷിത വിയോഗത്തിൽ കണ്ണീരിലാഴ്ന്ന് ഇടവക സമൂഹവും നാടും. 43 വയസ്സായിരുന്നു.

വാഴക്കുളത്തുനിന്ന് മടങ്ങുന്നതിനിടെ നെല്ലിമറ്റത്തിന് സമീപം വെച്ചാണ് ഫാ. ജോസഫ് കുഴഞ്ഞുവീണത്. കൂടെയുണ്ടായിരുന്നവർ ഉടൻ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.

ഒരു വർഷം മുൻപാണ് ഫാ. ജോസഫ് കോയിക്കൽ മുരിക്കുംതൊട്ടി സെന്റ് മരിയ ഗോരോത്തി പള്ളിയുടെ വികാരിയായി ചുമതലയേറ്റത്. ചുരുങ്ങിയ കാലംകൊണ്ടുതന്നെ ഇടവക ജനങ്ങളുടെയും പ്രദേശവാസികളുടെയും സ്നേഹവും ആദരവും നേടിയ വൈദികനായിരുന്നു അദ്ദേഹം. പ്രാർഥനകളിലും ആശ്വാസവാക്കുകളുമായി എപ്പോഴും ജനങ്ങൾക്കൊപ്പം നിന്ന അദ്ദേഹത്തിന്റെ വേർപാട് വിശ്വാസികളെയും ഹൈറേഞ്ച് മേഖലയെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി.

ശനിയാഴ്ച രാത്രി മുതൽ മുരിക്കുംതൊട്ടി പള്ളിയിൽ പൊതുദർശനത്തിന് വച്ച ഭൗതികശരീരത്തിൽ നൂറുകണക്കിന് വിശ്വാസികളും പ്രദേശവാസികളും രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും അന്ത്യാഞ്ജലി അർപ്പിച്ചു.

തുടർന്ന് വിലാപയാത്രയായി കൂമ്പൻപാറ ഫാത്തിമ മാതാ ഫൊറോനാ പള്ളിയിലെത്തിച്ച മൃതദേഹത്തിൽ പൊതുദർശനത്തിനുശേഷം, മാർ ജോൺ നെല്ലിക്കുന്നേലിൻ്റെ മുഖ്യ കാർമികത്വത്തിൽ സമാപന ശുശ്രൂഷകളും സംസ്കാര ചടങ്ങുകളും നടത്തി സംസ്‌കരിച്ചു.