വനിതാ എസ്‌.ഐയെ ആക്രമിച്ച സംഭവം: കാപ്പ കേസ് പ്രതിയുൾപ്പെടെ മൂന്ന് പേർ പിടിയിൽ

വനിതാ എസ്‌.ഐയെ ആക്രമിച്ച സംഭവം: കാപ്പ കേസ് പ്രതിയുൾപ്പെടെ മൂന്ന് പേർ പിടിയിൽ

മാനന്തവാടി പോലീസ് സ്റ്റേഷനിലെ വനിതാ സബ് ഇൻസ്‌പെക്ടറെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ കാപ്പ കേസ് പ്രതിയുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ഇടുക്കി അടിമാലി കടവനപ്പുഴ കെ.എ. അഭിജിത് (26), തരുവണ പൊരുന്നന്നൂർ വെങ്ങച്ചിനി എസ്. അശ്വന്ത് (21), ഇടുക്കി ആനവിരട്ടി കടയൻ ബിൽജൂ സാജു (26) എന്നിവരെയാണ് എസ്‌.ഐ കെ. സിൻഷയുടെ നേതൃത്വത്തിലുള്ള മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്.

കാപ്പ കേസിൽ നിയമനടപടികൾ നേരിട്ടിരുന്ന അഭിജിത് ഗുരുവായൂർ ടെമ്പിൾ, തിരുനെല്ലി, വെള്ളത്തൂവൽ, മാനന്തവാടി പോലീസ് സ്റ്റേഷനുകളിലെ വിവിധ കേസുകളിലും പ്രതിയാണ്. മാനന്തവാടി കേസിൽ ഇയാൾ കോടതിയുടെ ജാമ്യത്തിലായിരുന്നു. ബിൽജൂ സാജു അടിമാലി പോലീസ് സ്റ്റേഷനിലെ ലഹരി കേസിലും പ്രതിയാണ്.

ഓട്ടോ ഡ്രൈവറെ മർദിച്ച് പണം കവർന്ന് ഒളിവിൽ പോയ പ്രതിയെ പിടികൂടാനുള്ള പോലീസിന്റെ അന്വേഷണത്തിനിടെയാണ് ഈ മാസം 18ന് സംഭവം ഉണ്ടായത്. പ്രതികൾ സഞ്ചരിച്ച വാഹനം നിർത്താൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും സംഘം രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് പിന്തുടർന്ന പോലീസ് വാഹനം തടഞ്ഞുനിർത്തി പരിശോധന നടത്തുന്നതിനിടെ മൂന്നംഗ സംഘം വനിതാ എസ്‌.ഐയെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.