വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു സമീപമുള്ള ലഹരി വിൽപ്പനക്കെതിരെ സംയുക്ത പരിശോധന; കർശന നടപടിയെന്ന് തൊടുപുഴ നഗരസഭ
തൊടുപുഴ: നഗരസഭ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്റർ ചുറ്റളവിൽ പുകയില ഉൽപ്പന്നങ്ങളുടെയും ലഹരി പദാർഥങ്ങളുടെയും വിൽപ്പന നടക്കുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിനും അത് തടയുന്നതിനുമായി തൊടുപുഴ നഗരസഭയുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തി. നഗരസഭ ചെയർപേഴ്സൺ സാബിറ ജലീലിന്റെ നിർദേശാനുസരിച്ച് പോലീസ്, ഫുഡ് സേഫ്റ്റി വകുപ്പ്, നഗരസഭ ആരോഗ്യ വിഭാഗം എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.
നഗരസഭ പരിധിയിലുള്ള സ്കൂളുകളുടെ സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങൾ, കൂൾബാറുകൾ, ജ്യൂസ് സ്റ്റാളുകൾ, ബേക്കറികൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ഇതോടൊപ്പം സ്കൂളുകളിൽ ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു.വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും നിയമലംഘനങ്ങൾ കണ്ടെത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ചെയർപേഴ്സൺ അറിയിച്ചു.
പരിശോധനയിൽ പോലീസ് സബ് ഇൻസ്പെക്ടർ ബിജു വി, ഫുഡ് സേഫ്റ്റി ഓഫീസർ രാകേന്ദു, നഗരസഭ ക്ലീൻ സിറ്റി മാനേജർ മീരാൻ കുഞ്ഞ്, നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പ്രജീഷ് കുമാർ എന്നിവർ പങ്കെടുത്തു.


