കർഷകരുടെ ഐക്യമാണ് ഇൻഫാമിന്റെ ശക്തി: മാർ ജോൺ നെല്ലിക്കുന്നേൽ

കർഷകരുടെ ഐക്യമാണ് ഇൻഫാമിന്റെ ശക്തി: മാർ ജോൺ നെല്ലിക്കുന്നേൽ

ഇടുക്കി: കേരളത്തിലെ ശ്രദ്ധേയമായ കർഷക പ്രസ്ഥാനമായി ഇൻഫാം വളർന്നതിന്റെ പ്രധാന കാരണം കർഷകരുടെ ഐക്യമാണെന്ന് ഇടുക്കി രൂപതാധ്യക്ഷനും ഇൻഫാം കാർഷികജില്ല രക്ഷാധികാരിയുമായ മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു. ഇൻഫാമിന്റെ ഒരു മാസം നീണ്ടുനിന്ന പരിസ്ഥിതി ദിനാഘോഷങ്ങളുടെ സമാപനവും വിത്തുകൊട്ട വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കർഷകരുടെ പ്രശ്നങ്ങളിലും അവകാശ പോരാട്ടങ്ങളിലും ഇൻഫാം എന്നും ഒപ്പമുണ്ടാകുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ഇൻഫാം ദേശീയ രക്ഷാധികാരി മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. ധീരരായ കർഷകർ ഒരുമിച്ച് നിന്നാൽ സർക്കാർ നയങ്ങളെ സ്വാധീനിക്കാനും കർഷക അനുകൂല തീരുമാനങ്ങൾ കൈക്കൊള്ളാൻ ഭരണകൂടത്തെ പ്രേരിപ്പിക്കാനും കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇൻഫാമിന്റെ 100 ഔട്ട്‌ലെറ്റുകൾ ആരംഭിക്കുമെന്നും ഇതിലൂടെ കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് വിപണി ഉറപ്പാക്കി കൂടുതൽ പ്രയോജനം ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇൻഫാം കർഷകരെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുന്ന ശക്തമായ പ്രസ്ഥാനമാണെന്ന് ഇൻഫാമിന്റെ പഞ്ചവത്സര പദ്ധതിയുടെ ഭാഗമായ ‘ഫലഗ്രാമം’ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ പറഞ്ഞു. കർഷകരുടെ ആവശ്യങ്ങളും പ്രശ്നങ്ങളും ബന്ധപ്പെട്ട ഭരണകർത്താക്കളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിൽ ഇൻഫാം നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ ഫാ. ജോസഫ് കാവനാടി, ഫാ. ജോർജ് പൊട്ടയ്ക്കൽ, മാത്യു മാമ്പറമ്പിൽ, ജോസ് ഇടപ്പാട്ട്, തോമസ് തുപ്പലഞ്ഞിയിൽ എന്നിവർ പ്രസംഗിച്ചു.

യോഗത്തിൽ അടുക്കളത്തോട്ട നിർമാണത്തിനായി ഇൻഫാം ആവിഷ്‌കരിച്ച ‘വിത്തുകൊട്ട’ പദ്ധതി പ്രകാരം കാഞ്ഞിരപ്പള്ളി, ഇടുക്കി, ആലപ്പുഴ, ചങ്ങനാശേരി, തിരുവല്ല, കോതമംഗലം, മാവേലിക്കര, പാലാ, പാറശാല, പുനലൂർ, താമരശേരി, തലശ്ശേരി, കണ്ണൂർ കാർഷികജില്ലകൾക്ക് വിത്തുകൊട്ടകൾ വിതരണം ചെയ്തു. ഈ പദ്ധതി കുടുംബങ്ങളിൽ ജൈവകൃഷിയും ഭക്ഷ്യസ്വയംപര്യാപ്തതയും പ്രോത്സാഹിപ്പിക്കുന്നതിന് സഹായകമാകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.