കമ്പംമെട്ട് കമ്പം റോഡ് ഒരു മാസത്തേക്ക് അടച്ചു
കമ്പം: കേരള-തമിഴ്നാട് അതിർത്തി മേഖലയിലെ പ്രധാന മലയോര പാതകളിലൊന്നായ കമ്പംമെട്ട് റോഡിലൂടെയുള്ള വാഹന ഗതാഗതം ഇന്ന് മുതൽ ഒരു മാസത്തേക്ക് പൂർണമായി നിരോധിച്ചു. റോഡിന്റെ അടിയന്തര അറ്റകുറ്റപ്പണികളും പുതിയ പാലത്തിന്റെ നിർമാണ ജോലികളും നടക്കുന്നതിനാലാണ് ഹൈവേ വകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായി നിയന്ത്രണം ഏർപ്പെടുത്തിയത്.
ജൂൺ 8 രാവിലെ 8 മണി മുതൽ ജൂലൈ 7 വരെയാണ് ഗതാഗത നിരോധനം നിലവിലുള്ളത്. ഇതോടെ നിത്യേന ഈ പാതയെ ആശ്രയിച്ച് യാത്ര ചെയ്യുന്ന ആയിരക്കണക്കിന് തോട്ടം തൊഴിലാളികളും പൊതുജനങ്ങളും വലിയ യാത്രാക്ലേശം നേരിടേണ്ട സാഹചര്യമാണുണ്ടായത്.
തമിഴ്നാട്ടിലെ തേനി ജില്ലയെ ഇടുക്കി ജില്ലയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതകളിലൊന്നാണ് കമ്പംമെട്ട് റോഡ്. കുമളി, ബോഡിമേട് എന്നിവയാണ് മറ്റ് പ്രധാന മലയോര പാതകൾ. കമ്പം ടൗണിൽ നിന്ന് കേരളത്തിലേക്കുള്ള ഈ റോഡ് ദീർഘനാളായി തകർച്ച നേരിട്ടിരുന്നു. 18 ഹെയർപിൻ വളവുകളുള്ള ഈ പാതയിൽ കഴിഞ്ഞ മൂന്ന് മാസമായി ഡ്രെയിനേജ് നിർമ്മാണവും സംരക്ഷണഭിത്തി നിർമാണവും പുരോഗമിക്കുകയാണ്.
നിലവിൽ പതിനെട്ടാം വളവിന് സമീപം വൻതോതിൽ തകർന്ന ഭാഗത്ത് പുതിയ പാലത്തിന്റെ നിർമാണം ആരംഭിക്കുന്ന സാഹചര്യത്തിലാണ് പാത പൂർണമായും അടച്ചിടാൻ അധികൃതർ തീരുമാനിച്ചത്.
ഗതാഗത നിയന്ത്രണത്തെ തുടർന്ന് കമ്പം ഭാഗത്തുനിന്ന് കേരളത്തിലേക്ക് പോകുന്ന വാഹനങ്ങൾ കുമളി വഴിയുള്ള ബദൽ റൂട്ട് ഉപയോഗിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. തുടർന്ന് ആവശ്യാനുസരണം കമ്പംമെട്ട് റോഡിലേക്ക് പ്രവേശിക്കാനാകും.
കേരളത്തിലെ നെടുങ്കണ്ടം, കട്ടപ്പന തുടങ്ങിയ ഹൈറേഞ്ച് മേഖലകളിലെ ഏലത്തോട്ടങ്ങളിലേക്ക് തമിഴ്നാട്ടിൽ നിന്ന് ദിവസേന ആയിരക്കണക്കിന് തൊഴിലാളികൾ കമ്പംമെട്ട് വഴിയാണ് എത്തുന്നത്. പുതിയ നിയന്ത്രണം നിലവിൽ വന്നതോടെ ഇവർക്ക് ഏകദേശം 40 കിലോമീറ്ററോളം അധികദൂരം സഞ്ചരിക്കേണ്ടിവരും. ഇത് യാത്രാസമയവും ദൈനംദിന വരുമാനവും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്.
ദിവസേന ആയിരത്തിലധികം വാഹനങ്ങൾ കടന്നുപോകുന്ന ഈ പാത ഒരു മാസത്തേക്ക് അടച്ചിടുന്നത് അതിർത്തി മേഖലയിലെ ജനജീവിതത്തെയും വ്യാപാര മേഖലയെയും സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. തോട്ടം തൊഴിലാളികളുടെ ബുദ്ധിമുട്ട് പരിഗണിച്ച് റോഡിന്റെയും പാലത്തിന്റെയും നിർമാണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്ന് തൊഴിലാളികളും തോട്ടം ഉടമകളും പൊതുജനങ്ങളും ആവശ്യപ്പെട്ടു.




