സംസ്ഥാനത്ത് 7 ശതമാനം മഴക്കുറവ്, ഇടുക്കിയിലും വയനാട്ടിലും ആശങ്ക

സംസ്ഥാനത്ത് 7 ശതമാനം മഴക്കുറവ്, ഇടുക്കിയിലും വയനാട്ടിലും ആശങ്ക

കാലവര്‍ഷം ആരംഭിച്ച് 15 ദിവസം പിന്നിടുമ്പോള്‍ കേരളത്തില്‍ ലഭിച്ച മഴയുടെ അളവ് സാധാരണയേക്കാള്‍ കുറവാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവരെ സംസ്ഥാനത്ത് 283.3 മില്ലിമീറ്റര്‍ മഴ ലഭിച്ചപ്പോള്‍, സാധാരണ ലഭിക്കേണ്ടത് 303.4 മില്ലിമീറ്ററാണ്. ഇതോടെ സംസ്ഥാനതലത്തില്‍ 7 ശതമാനം മഴക്കുറവ് രേഖപ്പെടുത്തി.

എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, തൃശൂര്‍, പാലക്കാട് തുടങ്ങിയ ജില്ലകളില്‍ മഴയില്‍ ചെറിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായെങ്കിലും അവ സാധാരണ പരിധിക്കുള്ളിലാണ്. എന്നാല്‍ ജില്ലകള്‍ക്കിടയിലെ മഴവിതരണത്തിലെ വലിയ വ്യത്യാസം ഇത്തവണ ശ്രദ്ധേയമാണ്.

മലയോര ജില്ലകളായ വയനാടും ഇടുക്കിയും ഗണ്യമായ മഴക്കുറവ് നേരിടുകയാണ്. വയനാട്ടില്‍ 163 മില്ലിമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. ഇത് സാധാരണ ലഭിക്കേണ്ട അളവിനേക്കാള്‍ 38 ശതമാനം കുറവാണ്. ഇടുക്കിയില്‍ 222.6 മില്ലിമീറ്റര്‍ മഴ ലഭിച്ച് 30 ശതമാനം കുറവ് രേഖപ്പെടുത്തി.

അതേസമയം, ചില ജില്ലകളില്‍ സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിച്ചു. തിരുവനന്തപുരത്ത് 41 ശതമാനവും മലപ്പുറത്ത് 22 ശതമാനവും അധികമഴ ലഭിച്ചു. 445.2 മില്ലിമീറ്റര്‍ മഴ ലഭിച്ച കോഴിക്കോട് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ച ജില്ലയായി.

ജൂണ്‍ ആദ്യവാരത്തില്‍ വ്യാപകമായി ശക്തമായ മഴ ലഭിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ കാലവര്‍ഷത്തിന്റെ തീവ്രത കുറഞ്ഞതായി നിരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നു. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും മേഘസാന്നിധ്യം നിലനില്‍ക്കുന്നുണ്ടെങ്കിലും കേരളത്തിലേക്ക് വ്യാപകമായ മഴ എത്തിക്കാന്‍ ആവശ്യമായ അന്തരീക്ഷ സംവിധാനങ്ങള്‍ നിലവില്‍ ശക്തമല്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

പസഫിക് സമുദ്രത്തില്‍ രൂപംകൊള്ളുന്ന എല്‍നിനോ പ്രതിഭാസവും കാലാവസ്ഥാ നിരീക്ഷകരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എല്‍നിനോ ശക്തിപ്പെടുകയാണെങ്കില്‍ കേരളത്തിലേക്ക് ഈര്‍പ്പം എത്തിക്കുന്ന പടിഞ്ഞാറന്‍ കാറ്റുകളുടെ ശക്തി കുറയുകയും മഴമേഘങ്ങളുടെ രൂപവത്കരണം ദുര്‍ബലമാകുകയും ചെയ്യാമെന്നാണ് മുന്നറിയിപ്പ്.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിലവിലെ പ്രവചനമനുസരിച്ച് അടുത്ത ഒരാഴ്ച സംസ്ഥാനത്ത് വ്യാപകമായ കനത്ത മഴയ്ക്ക് സാധ്യത കുറവാണ്. പല പ്രദേശങ്ങളിലും ഇടവിട്ടുള്ള നേരിയതോ മിതമായതോ ആയ മഴ മാത്രമേ ലഭിക്കാനിടയുള്ളൂ.

മഴക്കുറവ് തുടരുകയാണെങ്കില്‍ മലയോര മേഖലകളിലെ ജലലഭ്യത, കുടിവെള്ള സംഭരണികള്‍, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ എന്നിവയെ ബാധിക്കാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് ഇടുക്കി, വയനാട് ജില്ലകളിലെ സാഹചര്യം വരും ദിവസങ്ങളില്‍ കൂടുതല്‍ നിര്‍ണായകമായി വിലയിരുത്തപ്പെടും.