ജലവിഭവ വകുപ്പിനെ ജനക്ഷേമ വകുപ്പാക്കുമെന്ന് മന്ത്രി മോൻസ് ജോസഫ്
ജലവിഭവ വകുപ്പിനെ ജനങ്ങളുടെ ആവശ്യങ്ങൾക്കും ക്ഷേമത്തിനും കൂടുതൽ പ്രാധാന്യം നൽകുന്ന ജനക്ഷേമ വകുപ്പാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് പറഞ്ഞു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്കായി അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. ഏർപ്പെടുത്തിയ ഇടുക്കി നിയോജക മണ്ഡലം എംപീസ് എക്സലൻസ് അവാർഡ് വിതരണച്ചടങ്ങ് ചെറുതോണി ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ നിന്ന് ഓരോ വർഷവും ലക്ഷക്കണക്കിന് വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും പോകുന്ന സാഹചര്യമാണുള്ളത്. ഇതിന് ശാശ്വത പരിഹാരം കാണുന്നതിനായി ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഹബ്ബായി കേരളത്തെ മാറ്റാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
ഇടുക്കി നിയോജക മണ്ഡലത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ 460 വിദ്യാർഥികളെയാണ് ചടങ്ങിൽ അവാർഡ് നൽകി ആദരിച്ചത്.
അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. അധ്യക്ഷത വഹിച്ച ചടങ്ങിൽ റോയി കെ. പൗലോസ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ജനപ്രതിനിധികളായ സന്ദ്രാമോൾ ജിന്നി, എ.പി. ഉസ്മാൻ, മിനി സാബു, ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ, ഷൈനി സജി, ജിപ്സി ജിന്നി, വിനോദ് ജോസഫ്, കോമളം മോഹൻദാസ് എന്നിവർ സംസാരിച്ചു.



