പ്രിയദർശിനി പദ്ധതി: രണ്ട് ദിവസത്തിൽ ഇടുക്കിയിൽ 51,952 വനിതകൾക്ക് സൗജന്യ യാത്ര

പ്രിയദർശിനി പദ്ധതി: രണ്ട് ദിവസത്തിൽ ഇടുക്കിയിൽ 51,952 വനിതകൾക്ക് സൗജന്യ യാത്ര

തൊടുപുഴ: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കായി ആരംഭിച്ച 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതി ജില്ലയിൽ മികച്ച പ്രതികരണം നേടി. പദ്ധതിയുടെ ആദ്യ രണ്ട് ദിവസങ്ങളായ ജൂൺ 15, 16 തീയതികളിൽ 51,952 വനിതകളാണ് സേവനം പ്രയോജനപ്പെടുത്തിയത്.

ഈ കാലയളവിൽ വനിതാ യാത്രക്കാർക്ക് 14,13,100 രൂപ മൂല്യമുള്ള സീറോ ടിക്കറ്റുകൾ വിതരണം ചെയ്തു. ഓരോ ദിവസവും യാത്രക്കാരുടെ എണ്ണത്തിലും ടിക്കറ്റ് മൂല്യത്തിലും ഗണ്യമായ വർധനയുണ്ടായതായി കെ.എസ്.ആർ.ടി.സി കണക്കുകൾ വ്യക്തമാക്കുന്നു.

ജൂൺ 15-ന് 16,871 വനിതകൾ യാത്ര ചെയ്തപ്പോൾ 4,67,391 രൂപയുടെ സീറോ ടിക്കറ്റുകളാണ് നൽകിയത്. ജൂൺ 16-ന് യാത്രക്കാരുടെ എണ്ണം 35,081 ആയി ഉയർന്നതോടെ, 9,45,709 രൂപയുടെ സീറോ ടിക്കറ്റുകൾ വിതരണം ചെയ്തു.

യാത്രക്കാരുടെ എണ്ണത്തിൽ തൊടുപുഴ ഡിപ്പോ മുന്നിലാണ്. രണ്ട് ദിവസങ്ങളിലായി ഇവിടെ 13,717 വനിതകൾ യാത്ര ചെയ്തു. എന്നാൽ സീറോ ടിക്കറ്റുകളുടെ മൂല്യത്തിൽ മൂന്നാർ ഡിപ്പോയാണ് ഒന്നാമത്. ഇവിടെ 3,48,034 രൂപയുടെ സീറോ ടിക്കറ്റുകളാണ് വിതരണം ചെയ്തത്.

ജില്ലയിലെ ഏഴ് ഡിപ്പോകളിലായി ഓർഡിനറി, ഫെയർ സ്റ്റേജ്, ലിമിറ്റഡ് സ്റ്റോപ്പ് വിഭാഗങ്ങളിലായി 118 ബസുകൾ പദ്ധതിയുടെ ഭാഗമായി സർവീസ് നടത്തുന്നു. ആകെ 209 സർവീസുകളാണ് ദിവസേന നടത്തുന്നത്. സൗജന്യ യാത്ര ലഭ്യമാകുന്ന ബസുകൾ തിരിച്ചറിയുന്നതിനായി വാഹനങ്ങളിൽ 'പ്രിയദർശിനി' സ്റ്റിക്കറുകൾ പതിപ്പിച്ചിട്ടുണ്ട്.