അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം; ഇടുക്കിയിൽ വിപുലമായ പരിപാടികൾ
അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ ജൂൺ 26-നോടനുബന്ധിച്ച് ഇടുക്കി ജില്ലയിൽ വിപുലമായ ബോധവൽക്കരണ-പ്രതിരോധ പരിപാടികൾ സംഘടിപ്പിക്കും. എം.എൽ.എമാരുടെ നേതൃത്വത്തിൽ നിയോജകമണ്ഡല അടിസ്ഥാനത്തിൽ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, സന്നദ്ധ സംഘടനകൾ, ലൈബ്രറികൾ, റസിഡൻസ് അസോസിയേഷനുകൾ, എൻ.ജി.ഒകൾ എന്നിവരെ ഉൾപ്പെടുത്തി പരമാവധി ജനപങ്കാളിത്തം ഉറപ്പാക്കിയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
എസ്.പി.സി, എൻ.സി.സി, വിവിധ യുവജന-സാമൂഹിക സംഘടനകൾ, റസിഡൻസ് അസോസിയേഷനുകൾ എന്നിവയുടെ പങ്കാളിത്തത്തോടെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ലഹരിവിരുദ്ധ റാലികൾ നടക്കും. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി ഉപന്യാസരചന, ചിത്രരചന, പോസ്റ്റർ രചന, കഥാരചന തുടങ്ങിയ മത്സരങ്ങളും വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കും. വിജയികൾക്ക് നിയോജകമണ്ഡല തല പരിപാടികളിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.
"ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്" പദ്ധതിയുടെ ഭാഗമായി സ്കൂളുകളിലും കോളേജുകളിലും പരിശോധനകൾ ശക്തമാക്കും. ബസുകളിലെ ജീവനക്കാരെയും പരിശോധനയ്ക്ക് വിധേയരാക്കാൻ ജില്ലാ പോലീസ് മേധാവി, റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എന്നിവർക്ക് നിർദേശം നൽകിയിട്ടുണ്ട്. വിദ്യാർത്ഥികളിൽ ലഹരി ഉപയോഗം മൂലമുണ്ടാകുന്ന സ്വഭാവമാറ്റങ്ങൾ തിരിച്ചറിയുന്നതിനായി അധ്യാപകർക്കായി പ്രത്യേക ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിക്കും.
സ്കൂൾ പരിസരങ്ങളിലെ കടകളിൽ ലഹരി വസ്തുക്കൾ വിൽക്കുന്നത് നിരോധിച്ചതായി അറിയിക്കുന്ന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. ലഹരി വിൽപ്പനയിൽ ഏർപ്പെടുന്നതായി കണ്ടെത്തുന്ന കടകളുടെ ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.
ജില്ലയിലെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളും ദിനാചരണ പരിപാടികളുടെ ഏകോപനവും വിലയിരുത്തുന്നതിനായി മന്ത്രി അനൂപ് ജേക്കബിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെടുന്നവരുടെ പുനരധിവാസം, ചികിത്സ, കൗൺസിലിംഗ്, ഡി-അഡിക്ഷൻ ചികിത്സ എന്നിവയ്ക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ സാമൂഹികനീതി ഓഫീസർ, ജില്ലാ വനിതാ-ശിശു വികസന ഓഫീസർ, ജില്ലാ പോലീസ് മേധാവി, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) എന്നിവരെ ചുമതലപ്പെടുത്തി.
പട്ടികജാതി-പട്ടികവർഗ മേഖലകളിൽ പരിശോധനകൾ ശക്തമാക്കുന്നതിനും വിദ്യാർത്ഥികൾക്കിടയിൽ ലഹരിവിരുദ്ധ ബോധവൽക്കരണം വ്യാപിപ്പിക്കുന്നതിനുമായി ജില്ലാ പട്ടികജാതി വികസന ഓഫീസർ, ഐ.ടി.ഡി.പി ഇടുക്കി പ്രോജക്ട് ഓഫീസർ എന്നിവർക്കും പ്രത്യേക ചുമതല നൽകിയിട്ടുണ്ട്



