ഇടുക്കിയെ ചേർത്തു പിടിച്ച ബജറ്റ് : ഡീൻ കുര്യാക്കോസ് എം.പി

ഇടുക്കിയെ ചേർത്തു പിടിച്ച ബജറ്റ് : ഡീൻ കുര്യാക്കോസ് എം.പി

തൊടുപുഴ: ഇടതുപക്ഷ സർക്കാർ സമ്പൂർണമായി അവഗണിച്ച ഇടുക്കി ജില്ലയെ ചേർത്തുപിടിക്കുന്ന ബജറ്റാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ചതെന്ന് ഡീൻ കുര്യാക്കോസ് എം.പി. പറഞ്ഞു. ഇടുക്കിക്കായി പ്രഖ്യാപിച്ച പ്രത്യേക പാക്കേജ് ഊർജിതമായി നടപ്പാക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പട്ടയപ്രശ്ന പരിഹാരം, ഇടുക്കി മെഡിക്കൽ കോളേജിന്റെ ശോച്യാവസ്ഥ പരിഹരിക്കൽ, മലയോര കർഷക ക്ഷേമ പദ്ധതികൾ, വന്യജീവി ആക്രമണങ്ങൾ തടയുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയവ ബജറ്റിൽ ഇടംപിടിച്ചത് ജില്ലയ്ക്ക് നേട്ടമാകുമെന്ന് എം.പി. പറഞ്ഞു.

ഇടുക്കി ജില്ലയ്ക്കുള്ള പ്രത്യേക പാക്കേജിന്റെ ഭാഗമായി വിദ്യാഭ്യാസം, ആരോഗ്യം, ഉപജീവന മാർഗങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ടുള്ള വികസന പദ്ധതികൾ നടപ്പാക്കുമെന്നും മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുന്നതിനുള്ള നടപടികൾക്ക് പ്രത്യേക ഊന്നൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

മലയോര മേഖലയിൽ ബഹുവിള കൃഷിരീതി പ്രോത്സാഹിപ്പിക്കാനുള്ള പ്രഖ്യാപനവും ഇതിനാവശ്യമായ നിയമനിർമാണവും കർഷകർക്ക് ഗുണകരമാകുമെന്ന് ഡീൻ കുര്യാക്കോസ് വ്യക്തമാക്കി.

പട്ടയ വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് സമയബന്ധിതമായി പരിഹാരം കാണാനും സുപ്രീം കോടതിയിലെ സി.എച്ച്.ആർ കേസ്, 1964 റൂൾ, ഹൈക്കോടതിയിലെ കേസുകൾ എന്നിവയിൽ വേഗത്തിലുള്ള നടപടി സ്വീകരിക്കാനുമുള്ള സർക്കാർ നീക്കം സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

ഏലം പട്ടയഭൂമിയിലെ നിർമ്മാണ നിയന്ത്രണ ഉത്തരവ് നിയമവിധേയമായി പുനഃപരിശോധിക്കുമെന്നും പട്ടയഭൂമിയിലെ നിലവിലുള്ള നിർമ്മാണങ്ങൾ ക്രമവൽക്കരിക്കുമെന്നും പ്രഖ്യാപിച്ചത് ജില്ലയ്ക്ക് ആശ്വാസകരമാകും.

മൂന്നാർ ഉൾപ്പെടെയുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഗ്രീൻ മാർഷൽസ് പദ്ധതി നടപ്പാക്കുന്നത് പരിസ്ഥിതി സംരക്ഷണത്തിനും ഉത്തരവാദിത്തപരമായ ടൂറിസത്തിനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റബർ കർഷകരെ സഹായിക്കുന്നതിനായി റബറിന്റെ താങ്ങുവില 250 രൂപയായി ഉയർത്തൽ, കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാനുള്ള നടപടികൾ, ഫാം ടൂറിസം പ്രോത്സാഹനം, കാർഷിക കടാശ്വാസ കമ്മീഷന്റെ പ്രവർത്തനം ശക്തിപ്പെടുത്തൽ തുടങ്ങിയ പ്രഖ്യാപനങ്ങൾ മലയോര മേഖലയ്ക്ക് വലിയ നേട്ടമാകുമെന്നും ഡീൻ കുര്യാക്കോസ് എം.പി. പറഞ്ഞു.